
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ച് വർഷം ജീവിക്കേണ്ടി വന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നടത്തിയ സിറ്റിംഗിലാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചത്.
അതേസമയം, വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും കാസർകോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പരിമിതികളേറെയുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഇന്നലെ പറഞ്ഞിരുന്നു. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി മാറ്റിയതാണ്. അവിടെ ഇപ്പോഴും ആരോഗ്യ വകുപ്പിലേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ടർമാർ ഉണ്ട്. കൂടുതൽ ഡോക്ടർമാരെ നിയമിക്കേണ്ടതുണ്ട്. അതിനായി തസ്തികകൾ സൃഷ്ടിക്കണം. എന്നാൽ കാത്ത് ലാബ് അടക്കം സജ്ജീകരിച്ച് വിദഗ്ധ ചികിൽസ ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കാസർകോട് മെഡിക്കൽ കോളജിന്റെ നിർമ്മാണം നിലച്ച അവസ്ഥയായിരുന്നു. കരാറുകാരന് പണം കൊടുക്കാനുണ്ടായിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പണം കൊടുക്കാത്ത അവസ്ഥ ഉണ്ടായത്. ഇപ്പോൾ മൂന്നര കോടി രൂപ കൊടുക്കാനുള്ള നടപടി പൂർത്തിയായി. ടെണ്ടർ നടപടികളും തുടങ്ങി. മാത്രവുമല്ല കിഫ്ബിയിൽ നിന്ന് 160 കോടി രൂപ ആശുപത്രി നിർമാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
എൻഡോസൾഫാൻ ഇരകൾ ഉള്ള ജില്ലയിൽ നേരത്തെ ഒരു ന്യൂറോളജിസ്റ്റ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആരോഗ്യ വകുപ്പിൽ നിന്ന് രണ്ട് പേരെ നിയമിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഒരു ന്യൂറോളജിസ്റ്റിനെ വർക്കിങ് അറേഞ്ച്മെന്റിലും അവിടെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam