വനിതാ സിഐ വീട്ടുജോലിക്ക് നിർത്തിയ യുവതിയെ കാണാനില്ല; സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

By Web TeamFirst Published Jul 22, 2019, 12:04 AM IST
Highlights

മേപ്പാടി സർക്കിള്‍ ഇൻസ്പെക്ടർ റജീനയ്ക്കെതിരെയാണ് മനുഷ്യാവകാശ പ്രവർത്തകൻ മുജീബ് റഹ്‍മാൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് യുവതിയെ കാണാതായത്. 

കൽപറ്റ: വയനാട്ടില്‍ വനിതാ സിഐ വീട്ടുജോലിക്ക് നിർത്തിയ അനാഥയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായെന്ന് പരാതി. മേപ്പാടി സർക്കിള്‍ ഇൻസ്പെക്ടർ റജീനയ്ക്കെതിരെയാണ് മനുഷ്യാവകാശ പ്രവർത്തകൻ മുജീബ് റഹ്‍മാൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് യുവതിയെ കാണാതായത്. 

വഴിതെറ്റി വയനാട്ടില്‍ എത്തിയതായിരുന്നു കാണാതായ യുവതി. അനാഥയാണെന്ന് അറിയിച്ചതോടെ യുവതിയെ പൊലീസ്, സർക്കാർ സംവിധാനമായ സ്നേഹിത ഷോർട്ട് സ്റ്റേ ഹോമില്‍ താമസിപ്പിച്ചു. തുടർന്ന് ഇവിടെ നിന്ന് വീട്ടുജോലിക്കായി യുവതിയെ സിഐ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. 11 മാസമാണ് യുവതി സിഐയുടെ വീട്ടിൽ ജോലിക്കാരിയായി നിന്നത്. ഈ കാലയാളവിൽ യുവതിയെ സിഐ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥയുടെ പീഡനം സഹിക്കവയ്യാതെയാണ് യുവതി നാടുവിട്ടതെന്നും പരാതിയില്‍ പറയുന്നു. ദുരൂഹസാഹചര്യത്തില്‍ യുവതിയെ കാണാതായിട്ടും ഉദ്യോഗസ്ഥ ഇതുവരെ അധികൃതരെ വിവരം അറിയിച്ചിട്ടില്ലെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

പരാതി ലഭിച്ചതിനെ തുടർന്ന് യുവതിയെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. സ്പെഷ്യല്‍ ബ്രാഞ്ചിനോടാണ് സംഭവത്തില്‍ അന്വേഷണ റിപ്പോർട്ട് തേടിയത്. എന്നാൽ, അന്വേഷണത്തില്‍ ഇതുവരെ യുവതിയെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് നൽകാനാണ് സാധ്യത.

അതേസമയം പരാതിയിലെ ആരോപണങ്ങള്‍ സിഐ റജീന നിഷേധിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും യുവതി സ്വമേധയാ വീട്ടില്‍നിന്നും പോയതാണെന്നും റജീന വ്യക്തമാക്കി.

click me!