
തിരുവനന്തപുരം: അതിക്രമത്തിനിരയായ വനിതാ വിനോദസഞ്ചാരിയുടെ പരാതി ഒതുക്കിത്തീർക്കാൻ വർക്കല പൊലീസ് ശ്രമിച്ചെന്ന് ആരോപണം. വൈസ് പ്രസിഡന്‍റിന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ പരാതി എടുക്കാൻ കഴിയില്ലെന്ന് എസ് ഐ പറഞ്ഞു എന്നാണ് മുംബൈ സ്വദേശിനിയുടെ പരാതി.
സർക്കാരും പൊലീസും നിർഭയ ദിനം ആചരിക്കാൻ തിരക്കുകൂട്ടുന്ന സമയത്ത് തന്നെയാണ് വർക്കലയിൽ മുംബൈ സ്വദേശിക്ക് ഈ ദുരനുഭവം ഉണ്ടായത്. വർക്കലയിൽ സർഫിംഗ് നടത്തുന്നതിനിടയാണ് സർഫിംഗ് പരിശീലകനായ ടിപ്പുസുൽത്താൻ എന്നയാൾ യുവതിയോട് മോശമായി പെരുമാറിയത്. ഉടൻ തന്നെ പരാതിയുമായി വർക്കല പൊലീസ് സ്റ്റേഷനിലെത്തി. പരാതി എഴുതി നൽകാൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ അതിന് ശേഷം കേസ് എടുക്കാൻ കൂട്ടാക്കിയില്ല. സംഭവം ഒത്തുതീർക്കാനായിരുന്നു പൊലീസിന് താൽപര്യം. "അയാൾക്കെതിരെ കേസെടുക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ പൊലീസ് ഒത്തുതീർപ്പ് ചെയ്യാനാണ് ആവശ്യപ്പെട്ടത്.അയാൾക്ക് ഭാര്യയും കുട്ടികളും ഉളളത് കൊണ്ട് ക്ഷമിക്കാൻ അവർ പറഞ്ഞു."-യുവതി പറഞ്ഞു.
വൈസ് പ്രസിഡന്റിന്റെ സന്ദർശനമായതിനാൽ തിരക്കിലാണ് താനെന്നും എസ്ഐ പറഞ്ഞു. പരാതി നൽകണമെന്ന് നിർബന്ധമാണെങ്കിൽ തീരദേശ പൊലീസ് സ്റ്റേഷനിൽ പോകണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. എന്തിനാണ് അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാനും പൊലീസ് തയ്യാറായില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഇത്തരമൊരു ദുരനുഭവം പ്രതീക്ഷിച്ചില്ലെന്ന് യുവതി പറയുന്നു. നിർഭയ ദിനത്തിൽ തന്നെ ഇത്തരമൊരു സംഭവത്തോട് പൊലീസ് സ്വീകരിച്ച നിലപാട് ഏറെ ദു:ഖരമാണെന്നും യുവതി വ്യക്തമാക്കി .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam