
പാലക്കാട്: ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഡിഎംഒ. ഇന്ന് രാവിലെ 11 മണിയോടെയാണ് മകൾക്ക് കൂട്ടിരിക്കാനെത്തിയ പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയെ ചിറ്റൂര് താലൂക്ക് ആശുപത്രിയിൽ വെച്ച് പാമ്പ് കടിച്ചത്. യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രിയായിരുന്നു എട്ടു മാസം പ്രായമുള്ള കുഞ്ഞിന് കടുത്ത പനിയോടെ ഗായത്രി ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ കുട്ടികളുടെ വാര്‍ഡിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ആശുപത്രിയുടെ പടിക്കെട്ടിൽ നിന്ന് ഗായത്രിയെ വിഷപ്പാമ്പ് കടിച്ചത്. ചെറുതായി ചോര പൊടിഞ്ഞതോടെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ഇതോടെ ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വളരെ പഴക്കമേറിയ കെട്ടിടത്തിന് ചുറ്റുപാടും കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണ്. സംഭവത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പരിസരത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ചിറ്റൂര്‍ താലൂക്ക് ആശുപത്രിക്കെതിരെ സമാന സംഭവങ്ങൾ നേരത്തെയുമുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തെ ന്യായീകരിച്ച് നഗരസഭ ചെയര്പേഴ്സൺ രംഗത്തെത്തി. മഴക്കാല പൂർവ്വ ശുചീകരണം നടത്തിയെന്നാണ് നഗരസഭ ചെയർപേഴ്സൺ പറഞ്ഞത്.
ഗായത്രി ജില്ലാ ആശുപത്രി ഐസിയുവിൽ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര് പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കുമെന്ന് ഗായത്രിയുടെ ബന്ധുക്കൾ അറിയിച്ചു.