ശബരിമലയിലെ വെർച്വൽ ക്യൂ ബുക്കിംഗിൽ നിന്നും യുവതികൾക്ക് വിലക്ക്, തീരുമാനത്തിൽ പങ്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

By Web TeamFirst Published Dec 4, 2020, 2:41 PM IST
Highlights

ബുക്കിംഗ് പൂര്‍തിതിയായതിനാല്‍ ഈ മണ്ഡല മകരവിളക്ക് കാലത്ത് യുവതി പ്രവേശനം ഉണ്ടാകില്ലെന്ന് ഉറപ്പായി. യുവതീ പ്രവേശനത്തിലെ സർക്കാറിന്റെ നിലപാട് മാറ്റമാണോ എന്ന നിലക്ക് വരെ സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുമ്പോഴാണ് ദേവസ്വം ബോ‍ർഡ് വിശദീകരണം നടത്തുന്നത്.

പത്തനംതിട്ട: ശബരിമലയില്‍ വെർച്വൽ ക്യൂ ബുക്കിംഗിൽ നിന്നും യുവതികളെ വിലക്കിയതിൽ പങ്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ്. തീരുമാനമെടുത്തത് പൊലീസാണെന്ന് ബോർഡ് പ്രസിഡണ്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം രണ്ടായിരമായി ഉയര്‍ത്തിയതിനെതുടര്‍ന്നാണ് കഴിഞ്ഞ ദിവസം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വീണ്ടും തുടങ്ങിയത്.

10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശമില്ലെന്ന് ഓണ്‍ലൈന്‍ ബുക്കിംഗിനുള്ള വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയത് ചർച്ചയായിരുന്നു. ബുക്കിംഗ് പൂര്‍ത്തിയായതിനാല്‍ ഈ മണ്ഡല മകരവിളക്ക് കാലത്ത് യുവതി പ്രവേശനം ഉണ്ടാകില്ലെന്ന് ഉറപ്പായി. യുവതീ പ്രവേശനത്തിലെ സർക്കാറിന്റെ നിലപാട് മാറ്റമാണോ എന്ന നിലക്ക് വരെ സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുമ്പോഴാണ് ദേവസ്വം ബോ‍ർഡ് വിശദീകരണം നടത്തുന്നത്.

യുവതി പ്രവേശനം അനുവദിച്ചുള്ള ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. പക്ഷെ വിധി സ്റ്റേ ചെയ്തിരുന്നില്ല. യുവതി പ്രവേശനത്തെ അനുകൂലിച്ചുള്ള ഇടത് സര്‍ക്കാരിന്‍റെ  സത്യവാങ്ലൂലം തിരുത്തിയിട്ടുമില്ല. പുനപരിശോധന ഹര്‍ജികള്‍ കോടതി പരിഗണിക്കുമ്പോള്‍ ബോഡിന്റെ നിലപാട് ചോദിച്ചാല്‍ അപ്പോള്‍ അഭിപ്രായം അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പൊലീസ് ക്രമീകരണങ്ങളില്‍ ഇടപെടില്ലെന്നും പ്രസിഡണ്ട് അറിയിച്ചു. അതേ സമയം യുവതി പ്രവേശനം വിലക്കിയ വ്യവസ്ഥയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പൊലീസ് ഇതുവരെ നല്‍കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിവാദമൊഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് വിലയിരുത്തലുണ്ട്. 

click me!