'ട്രോളുണ്ടാക്കുന്നവര്‍ അമ്മയേയും സഹോദരിയേയും ഓര്‍ക്കണം' ജോളിയുടെ പേരില്‍ സ്ത്രീകളെ അടച്ചാക്ഷേപിക്കരുത്: വനിതാ കമ്മീഷന്‍

By Web TeamFirst Published Oct 11, 2019, 11:06 PM IST
Highlights

കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട്  അറസ്റ്റിലായ ജോളിയുടെ പേരില്‍ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വരുന്ന ട്രോളുകള്‍ വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍

തിരുവനന്തപുരം: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട്  അറസ്റ്റിലായ ജോളിയുടെ പേരില്‍ സ്ത്രീ സമൂഹത്തെ അടച്ചാക്ഷേപിച്ചുകൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വരുന്ന ട്രോളുകള്‍ വേദനാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്തിന് ശേഷം  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗങ്ങളായ ഷാഹിദാ കമാല്‍, ഇ.എം രാധ എന്നിവര്‍. 

തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പുരുഷന്‍മാര്‍ നടത്തുന്ന കൊലപാതകങ്ങളുടെ പേരില്‍ പുരുഷ സമൂഹത്തെ മൊത്തത്തില്‍ ആരും ആക്ഷേപിക്കാറില്ല. സ്‌നേഹം നിരസിച്ചതിന്റെ പേരിലും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും അകാരണമായ സംശയത്തിന്റെ പേരിലും നിരവധി പുരുഷന്‍മാര്‍ കാമുകിമാരേയും ഭാര്യമാരേയും ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയും കൊല ചെയ്തിട്ടുണ്ട്.

ഇതിന്റെ പേരില്‍ ആരും പുരുഷസമൂഹത്തെ മൊത്തത്തില്‍ കൊലയാളികളായി മുദ്ര കുത്താറില്ല.  സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ട്രോളുകളുണ്ടാക്കി പ്രചരിപ്പിക്കുന്നവര്‍ സ്വന്തം അമ്മയെ കുറിച്ചും സഹോദരിമാരെക്കുറിച്ചും ചിന്തിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. 

click me!