
തിരുവനന്തപുരം: കഥാകൃത്ത് ടി പത്മനാഭൻ വസ്തുതകൾ മനസ്സിലാക്കാതെ നടത്തിയ പ്രസ്താവന തനിക്ക് വേദന ഉണ്ടാക്കിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ. അദ്ദേഹം താൻ ബഹുമാനിക്കുന്ന ആളാണ്. തന്നോട് വിളിച്ചു ചോദിക്കാമായിരുന്നു. അദ്ദേഹത്തിന് എതിരെ കേസ് എടുക്കാൻ സാധ്യത ഉണ്ട് എന്ന് വരെ അദ്ദേഹം പറഞ്ഞു. വസ്തുതകൾ മനസ്സിലാക്കാൻ ധാർമിക ബാധ്യത അദ്ദേഹം കാണിക്കണമായിരുന്നു എന്നും ജോസഫൈൻ പ്രതികരിച്ചു.
പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ചെന്ന ആക്ഷേപച്ചിൽ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ അതി രൂക്ഷ വിമര്‍ശനമാണ് ടി പത്മനാഭൻ ഇന്നലെ നടത്തിയത്. വയോധികയ്ക്ക് എതിരെ ജോസഫൈൻ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്നോവ കാറും വലിയ ശമ്പളവും നൽകി ഇവരെ നിയമച്ചത് എന്തിനെന്നും ടി പത്മനാഭൻ ചോദിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജൻ അടക്കമുള്ള പാര്‍ട്ടി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും മുന്നിലാണ് ടി പത്മനാഭൻ പൊട്ടിത്തെറിച്ചത്.
Read Also: കാറും ശമ്പളവും നൽകി നിയമിച്ചതെന്തിന് ? വീട്ടിലെത്തിയ പി ജയരാജനോട് ജോസഫൈനെതിരെ പൊട്ടിത്തെറിച്ച് ടി പത്മനാഭൻ...
തനിക്കെതിരെ പ്രചരിക്കുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് ജോസഫൈൻ പിന്നാലെ വിശദീകരിച്ചിരുന്നു. വിഷയത്തിന്റെ ഒരു വശം മാത്രം പെരുപ്പിച്ചു കാട്ടി മാധ്യമങ്ങൾ പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിനു ഭൂഷണമാണോയെന്ന് ചിന്തിക്കണമെന്നും ജോസഫൈൻ പറഞ്ഞു. അതിനും ശേഷമാണ് ഇന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വാർത്താസമ്മേളനം വിളിച്ചത്. ഓൺലൈൻ ചാനലുകൾ വഴി കന്യാ സ്ത്രീകൾ അടക്കം സ്ത്രീകളെ അപമാനിക്കുന്നതായി പരാതി ലഭിച്ചു. ഇത് ഒഴിവാക്കാൻ ചാനലുകൾ ശ്രമിക്കണം. ഇത് തടയാൻ ഉള്ള കേന്ദ്ര നിയമങ്ങൾക്ക് പല്ലും നഖവും ഇല്ല. പൊതു സമൂഹം ഇക്കാര്യത്തിൽ ഉണർന്ന് ചിന്തിക്കണം. ഇതിനെതിരെ പോരാടാൻ സ്ത്രീകൾ തയ്യാറാകണമെന്നും ജോസഫൈൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam