ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ കേസിൽ കോടതി വിധിച്ച 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പത്ത് വർഷമായിട്ടും കുടുംബത്തിന് ലഭിച്ചിട്ടില്ല. വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ, നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രബോസിന്റെ കുടുംബം.

തൃശൂർ: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിഷാം കാറിടിച്ച് കൊന്ന കേസിൽ, കോടതി വിധിച്ച നഷ്ടപരിഹാര തുക കുടുംബത്തിന് ഇനിയും ലഭിച്ചിട്ടില്ല. 50 ലക്ഷം രൂപയാണ് പ്രതിയായ മുഹമ്മദ് നിഷാം നൽകേണ്ടത്. നിഷാം നൽകാത്തപക്ഷം സർക്കാർ ഈ തുക നൽകണമെന്ന് വിധിയിൽ ഉണ്ടായിരുന്നിട്ടും 10 വർഷത്തിനപ്പുറം യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

2015 ൽ ചന്ദ്രബോസ് കൊല്ലപ്പെടുമ്പോൾ മകൻ അമൽദേവ് ഒമ്പതാം ക്ലാസിലാണ് പഠിച്ചിരുന്നത്. മകൾ രേവതി ബി ടെകിനും. ചന്ദ്രബോസിന്റെ മരണത്തിന് പിന്നാലെ ഔഷധിയിൽ ലഭിച്ച ജോലി കൊണ്ട് ജമന്തി മക്കളെ പഠിപ്പിച്ചു. സന്മനസ്സുകളുടെ സഹായത്തോടെ വീടിന്റെ പണിയും പൂർത്തിയായി. കഴിഞ്ഞ മെയിലാണ് ജമന്തി സർവീസിൽ നിന്ന് വിരമിച്ചത്. പത്തു വർഷം ഔഷധിയിൽ തികച്ച് സർവീസില്ലാത്തതുകൊണ്ട് പെൻഷൻ ഇല്ല. വിചാരണ കോടതി കുടുംബത്തിന് വിധിച്ച നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല.

2016 ജനുവരി 21ന് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നിഷാമിന് ജീവപര്യന്തത്തിന് പുറമേ 24 വർഷം തടവുശിക്ഷയും 71 ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. പിഴത്തുകയിൽ നിന്ന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി കുടുംബത്തിന് നൽകാനും വിചാരണ കോടതി ഉത്തരവിട്ടു. നിഷാം നൽകാത്ത പക്ഷം സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് തുക കുടുംബത്തിന് കൈമാറണമെന്നും വിധിയിലുണ്ടായിരുന്നു. കോടതി വിധി വന്ന് വർഷം 10 കഴിഞ്ഞു. പ്രതിയായ മുഹമ്മദ് നിഷാമോ സംസ്ഥാന സർക്കാരോ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇതിനിടെ ജാമ്യാപേക്ഷയുമായി മുഹമ്മദ് നിഷാം സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെയാണ് കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാര തുക പോലും നൽകിയിട്ടില്ലെന്ന കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയിലേക്ക് എത്തുന്നത്. വിഷയത്തിൽ പ്രതിയായ മുഹമ്മദ് നിഷാമിനും സംസ്ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ച പശ്ചാത്തലത്തിൽ നീതി അകലെയല്ലെന്ന പ്രതീക്ഷയിലാണ് കുടുംബം.

YouTube video player