
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല വഹിക്കവെ എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിൽ അസ്വാഭാവികത ഇല്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ മാറ്റുന്നത് പതിവ് കാര്യമാണെന്നും ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ടെന്നുമായിരുന്നു വിഷയത്തിൽ പി സതീദേവിയുടെ പ്രതികരണം. സ്ത്രീപീഡന കേസുകളിൽ നയംമാറ്റം ഉണ്ടായിട്ടില്ലെന്നും ഡബ്ല്യൂസിസിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിൽ നിൽക്കെയാണ് പൊലീസ് തലപ്പത്ത് അഴിച്ചുപണിയുണ്ടായതും ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയതും. എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിറകിലെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതെന്നതാണ് ശ്രദ്ധേയം. കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ തന്നെ അന്വേഷണ സംഘത്തിനെതിരെ വലിയ സമ്മർദ്ദമുണ്ടായിരുന്നു. ഇതിന് പിറകെ എസ് ശ്രീജിത്തിനെതിരെ ദിലീപിന്‍റെ അഭിഭാഷകൻ ഫിലിപ് ടി വർഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സീമീപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ഇടപടൽ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചത്.
ശ്രീജിത്തിനെ മാറ്റിയതോടെ നടി കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയാണ് ഡബ്ല്യൂസിസിയും പങ്കുവെക്കുന്നത്. എസ് ശ്രീജിത്തിനെ മാറ്റിയതിൽ ആശങ്കയുണ്ടെന്നും സിനിമകളിലെ സ്ഥിരം ആന്‍റിക്ലൈമാക്സ് രംഗം പോലെയാണ് ഈ നീക്കമെന്നും വിമണ്‍ ഇൻ സിനിമാ കളക്ടീവ് വിമര്‍ശിക്കുന്നു.
വിമണ്‍ ഇൻ സിനിമാ കളക്ടീവ് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഞങ്ങൾക്ക് ആശങ്കയുണ്ട്
ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പൊലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി. കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പൊലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്.
വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam