
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന് മുന്നോടിയായുള്ള പഠനം ആരംഭിച്ചു. ടിക്കറ്റിൽ യാത്രക്കാരുടെ ലിംഗം രേഖപ്പെടുത്തി തുടങ്ങി. ഇതിനായി ടിക്കറ്റ് മെഷീനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ടിക്കറ്റ് അടിക്കുന്ന ഇലക്ട്രോണിക് മെഷീനിൽ യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്ന് കണ്ടക്ടർമാർ പ്രത്യേകം രേഖപ്പെടുത്തണം. എത്ര സ്ത്രീകള്‍ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നുവെന്ന് അറിയാനാണ് ഇത്. സൗജന്യ യാത്ര നടപ്പിലാക്കണമെങ്കിൽ ശരാശരി എത്ര സ്ത്രീകൾ കെ എസ് ആർ ടി സിയിൽ പ്രതിദിനം യാത്ര ചെയ്യുന്നുണ്ടെന്ന കണക്ക് വേണം. ഇതിനാണ് പുതിയ മാറ്റം എന്നാണ് വിശദീകരണം. യു ഡി എഫ് സർക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സൗജന്യ യാത്രാ പ്രഖ്യാപനം ഉണ്ടായേക്കും.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നാണ് കെ എസ് ആർ ടി സി ബസ്സിലെ സൌജന്യ യാത്ര. കുറച്ചു ദിവസത്തേക്ക് കണക്കെടുത്ത് നൽകണമെന്ന അറിയിപ്പ് ലഭിച്ചതായി കണ്ടക്ടർമാർ പറയുന്നു. എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നാണ് സ്ത്രീ യാത്രക്കാരുടെ ആവശ്യം. പ്രതിദിനം 23.5 ലക്ഷം ആളുകൾ കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്യുന്നു എന്നാണ് കണക്ക്. അതിൽ 45 ശതമാനത്തോളം സ്ത്രീകളാണ്. കൃത്യമായ കണക്ക് ലഭിക്കുമ്പോഴാണ് ഈ പദ്ധതിക്ക് എത്ര കോടി വേണ്ടി വരും എന്ന് അറിയുക.
ഓർഡിനറി, സൂപ്പർഫാസ്റ്റ് എന്നിവയിൽ എല്ലാം കൂടി പദ്ധതി നടപ്പാക്കാൻ പ്രതിമാസം 90 കോടി രൂപ ചെലവ് വരുമെന്നാണ് അനുമാനം. നിലവിലെ വരുമാനം പരിഗണിക്കുമ്പോൾ കെ എസ് ആർ ടി സി ക്ക് ഈ ബാധ്യത താങ്ങാൻ കഴിയുമോ എന്ന ചോദ്യമെല്ലാം ഉയരുന്നുണ്ട്. ഏതായാലും ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ത്രീ യാത്രക്കാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam