കാസർകോട്ടെ അബൂബക്കർ സിദ്ധീക്ക് കൊലപാതക കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം നിൽക്കുന്ന യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങൾ പുറത്ത്. ഗൾഫിൽ നടന്ന ജ്വല്ലറി ഉദ്ഘാടന ചടങ്ങിലാണ് എംഎൽഎമാരായ സന്ദീപ് വാര്യർ, എകെഎം അഷ്‌റഫ്, എൻ എ നെല്ലിക്കുന്ന് എന്നിവർ പങ്കെടുത്തത്. എന്നാൽ ചിത്രത്തിലുള്ള ആളെ അറിയില്ലെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു.

കാസര്‍കോട്: കൊലപാതക കേസിലെ പ്രതിക്കൊപ്പമുള്ള യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങൾ പുറത്ത്. കാസർകോട്ടെ അബൂബക്കർ സിദ്ധീക്ക് കൊലപാതക കേസിലെ പ്രതി അഹമ്മദ് റയീസിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ഗൾഫിൽ ജ്വല്ലറി ഉദ്ഘാടന ചടങ്ങിലാണ് ഇയാൾക്കൊപ്പം യുഡിഎഫ് നേതാക്കൾ പങ്കെടുത്തത്. സന്ദീപ് വാര്യർ എംഎൽഎ, എകെഎം അഷ്‌റഫ് എംഎൽഎ, എൻ എ നെല്ലിക്കുന്ന് എന്നിവർക്കൊപ്പമാണ് കൊലപാതക കേസ് പ്രതിയുടെ ചിത്രങ്ങൾ ഉള്ളത്.

കുമ്പള മുഗു സ്വദേശിയായ അബൂബക്കർ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊല ചെയ്ത കേസിലെ പ്രതിയാണ് അഹമ്മദ് റയീസ്. എന്നാൽ, ചിത്രത്തിലുള്ള ആളെ തനിക്ക് അറിയില്ലെന്ന് സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കെഎംസിസിയുടെ പരിപാടിക്ക് വേണ്ടിയാണ് വിദേശത്തേക്ക് പോയിരുന്നത്. കെഎംസിസി പരിപാടി കഴിഞ്ഞശേഷം മഞ്ചേശ്വരം എംഎൽഎ ജ്വല്ലറി ഉദ്ഘാടനത്തിനായി കൊണ്ടുപോയി. അവിടെവച്ച് നിരവധി ആളുകൾ ഫോട്ടോ എടുത്തിട്ടുണ്ട്. അതിൽ ഒരാളായിരിക്കാം, ഇയാളെ അറിയില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.