
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് സ്ഥിരീകരണം. ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പൊലീസിന് മൊഴി നല്‍കി. അപകടം നടന്ന ശേഷം കാറിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങിയത് ഒരു പുരുഷനാണെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
ശ്രീറാമാണ് വാഹനം ഓടിച്ചതെന്ന് പൊലീസുദ്യോഗസ്ഥരും ഇപ്പോള്‍ സ്ഥിരീകരിക്കുന്നുണ്ട്. ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡിസിപി നേരിട്ട് ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ശ്രീറാമിന്‍റെ രക്തസാംപിളുകള്‍ ശേഖരിക്കാനുള്ള നടപടികളും ഉടന്‍ തുടങ്ങുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കാനായി പൊലീസ് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അപകടമുണ്ടായ കാറില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തി.
അപകടശേഷം ആശുപത്രിയിലെത്തിച്ച ശ്രീറാമിന്‍റെ രക്തസംപിളുകള്‍ എടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. ഇന്നു പുലര്‍ച്ചെ ശ്രീറാമിനെ പരിശോധിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാഗേഷാണ് ഏഷ്യാനെറ്റ് ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശ്രീറാം പരിശോധനയ്ക്കായി ഇരുന്നപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തനിക്ക് തോന്നി ഇക്കാര്യം താന്‍ അദ്ദേഹത്തെ കൊണ്ടു വന്ന പൊലീസുദ്യോഗസ്ഥരോട് പറയുകയും ചെയ്തു. എന്നാല്‍ രക്തസാംപിളുകള്‍ ശേഖരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടില്ല. അതേസമയം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന ശ്രീറാമിന്‍റെ സുഹൃത്ത് വഫ ഫിറോസിന്‍റെ രക്തസാംപിളുകള്‍ പൊലീസ് ശേഖരിച്ചു. എന്നാല്‍ ഇവരുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്‍റെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍വ്വേ ഡയറക്ടറായി നിയമിച്ച ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസും അദ്ദേഹത്തിന്‍റെ സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വാഹനമിടിച്ചാണ് ബഷീര്‍ മരണപ്പെട്ടത്. അമിത വേഗതയിൽ എത്തിയ വാഹനം തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികളുടമൊഴിയുണ്ടായിരുന്നു. എന്നാല്‍ താനല്ല തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പൊലീസിനോട് ആദ്യം പറഞ്ഞത്. അപകടമുണ്ടാക്കിയ കാറിലുള്ളത് ഉന്നത ഉദ്യോഗസ്ഥനാണ് എന്ന് വ്യക്തമായതോടെ അദ്ദേഹത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് മ്യൂസിയം പൊലീസ് ആദ്യം സ്വീകരിച്ചത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയ ശ്രീറാമിനെ ദേഹപരിശോധനയ്ക്ക് ശേഷം ഓണ്‍ലൈന്‍ ടാക്സില്‍ പൊലീസ് പറഞ്ഞുവിട്ടു. പൊലീസ് സ്റ്റേഷനില്‍ നിന്നും നേരെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി അദ്ദേഹം അഡ്മിറ്റായി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തക്ക പരിക്കുകളൊന്നും ശ്രീറാമിനോ സുഹൃത്തിനോ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.
രാവിലെയോടെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് ആരേയും പ്രതിചേര്‍ക്കാതെ കേസെടുത്തു. എന്നാല്‍ കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. ഇതിനുപിന്നാലെയാണ് വാഹനമോടിച്ചത് ശ്രീറാമാണെന്ന മൊഴി വനിതാസുഹൃത്ത് നല്‍കുന്നത്. അപകടം നടന്ന് പത്ത് മണിക്കൂര്‍ പിന്നീട്ടെങ്കിലും ഇതുവരെ ശ്രീറാമിന്‍റെ രക്തസാംപിളുകള്‍ പൊലീസ് ശേഖരിച്ചിട്ടില്ല. സമയം വൈകും തോറും രക്തത്തിലെ മദ്യത്തിന്‍റെ അളവ് കുറയും എന്നാണ് വിദഗ്ദ്ദര്‍ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam