'പാർട്ടിയിലും ഭരണതലത്തിലും കൂടുതൽ സ്ത്രീകൾ നേതൃതലത്തിലേക്ക് വരണം'; 'വനിതാ സ്പീക്കർ പാനൽ' സംസാരിക്കുന്നു

By Web TeamFirst Published Dec 6, 2022, 9:11 AM IST
Highlights

സ്ത്രീകളെ പരിഗണിക്കുന്നതിൽ പാർട്ടികൾക്ക് ഇപ്പോഴും വിമുഖതയുണ്ടെന്നും യു പ്രതിഭയും സി കെ ആശയും കെകെ രമയും തുറന്നടിച്ചു. 

നിതകളെ മാത്രം ഉൾപ്പെടുത്തിയ കേരളാ നിയമസഭയിലെ താത്കാലിക സ്പീക്കർ പാനൽ ശ്രദ്ധ നേടുകയാണ്. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ സഭയിലില്ലാത്ത സമയം സഭ നിയന്ത്രിക്കുവാനുള്ള പാനലില്‍ യു പ്രതിഭ, സി കെ ആശ,  കെ കെ രമ എന്നിവരെയാണ് സ്പീക്കറുടെ പ്രത്യേക നിർദ്ദേശപ്രകാരം ഉൾപ്പെടുത്തിയത്. മുൻപും സ്ത്രീകൾ സഭയെ നിയന്ത്രിച്ചിരുന്നുവെങ്കിലും പാനൽ മുഴുവൻ സ്ത്രീകളെന്നത് കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമാണ്. സഭാ നിയന്ത്രണം വെല്ലുവിളി തന്നെയെന്നാണ് സ്പീക്കർ പാനലിലെ വനിതകൾ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. സ്ത്രീകളെ പരിഗണിക്കുന്നതിൽ പാർട്ടികൾക്ക് ഇപ്പോഴും വിമുഖതയുണ്ടെന്നും യു പ്രതിഭയും സി കെ ആശയും കെകെ രമയും ഒരേ സ്വരത്തിൽ പറയുന്നു. 

സ്ത്രീകളുടെ പാനലെന്നത് നേട്ടത്തേക്കാൾ സന്തോഷകരമാണെന്നാണ് യു പ്രതിഭക്ക് പറയാനുള്ളത്. പുരോഗമന ചിന്താഗതി പുലർത്തുന്ന സ്പീക്കറുടെ തീരുമാനം വലിയ ഉത്തരവാദിത്വവും അഭിമാനകരവുമാണെന്നും പ്രതിഭ കൂട്ടിച്ചേർത്തു. നമ്മൾ ഇപ്പോഴും മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിൽ വലിയ പ്രചാരണം നടത്തുന്നു. അത് മതിയോ എന്നത് ചിന്തിക്കേണ്ട സമയമാണിത്. പാര്‍ട്ടിതലങ്ങളിൽ സ്ത്രീകൾ ഉന്നത സ്ഥാനത്തെത്തണം. പാർട്ടിയെ നയിക്കുന്നതിന് സ്ത്രീകൾ വരുന്ന സാഹചര്യമുണ്ടാകണം. കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി വേണം. പക്ഷേ ഒരു സ്ത്രീ മാത്രം നേതൃത്വത്തിലേക്ക് വന്നാൽ എല്ലാമായി എന്നും കരുതാനാകില്ലെന്ന് യു പ്രതിഭ പറഞ്ഞു.  

നിയമസഭാ സമ്മേളനത്തിന് തുടക്കം; ചരിത്രമായി സ്പീക്കർ പാനൽ, എല്ലാം വനിതകൾ

മുൻപുണ്ടായിരുന്ന പ്രമുഖരായ സ്പീക്കർമാർ സഭയെ നിയന്ത്രിക്കുന്നത് 
കണ്ട് മനസിലാക്കിയ കാര്യങ്ങളുണ്ടെന്നും ആ കാര്യങ്ങൾ വെച്ച് സഭയെ നിയന്ത്രിക്കുമെന്നും സി കെ ആശയും പറഞ്ഞു. 

സ്പീക്കർ പാനലിൽ വനിതകളെത്തിയത് നല്ല തീരുമാനമാണ്. പക്ഷേ അമിതമായി ആഘോഷിക്കേണ്ട കാര്യമില്ലെന്നാണ് കെ.കെ. രമക്ക് പറയാനുളളത്. സ്ത്രീകളെ  പരിഗണിക്കുമ്പോൾ ആഘോഷിക്കുന്ന കാലത്ത് നമ്മളെത്തിയിട്ടേയുള്ളൂ എന്നതാണ് യാഥാർത്ഥ്യമെന്നും അതിൽ നിന്നും മാറ്റം വരണമെന്നും രമയും പറഞ്ഞു. സ്ത്രീകൾക്ക് കഴിവില്ലാത്തത് കൊണ്ടല്ല. പുരുഷ മേധാവിത്വമാണ് വിഷയം. അത് എല്ലാ രാഷ്ട്രീയ പാർട്ടികളിലും വളരെ ശക്തമായുണ്ടെന്നും കെകെ രമ തുറന്നടിച്ചു. ഇക്കാര്യത്തിൽ ആർഎംപി വ്യത്യസ്ഥത പുലർത്തുന്നുവെന്നും പാർട്ടിയുടെ ആദ്യ എംഎൽഎ സ്ത്രീയെന്നത് അഭിമാനകരമാണെന്നും കെകെ രമ പറഞ്ഞു. 

സ്ത്രീയെന്ന നിലയിൽ സൈബറിടങ്ങളിൽ നിന്നും നേരിടുന്ന അതിക്രമങ്ങളെ കുറിച്ചും മൂവരും തുറന്നു പറഞ്ഞു. മുഖം ഇല്ലാത്തവരാണ് സൈബറിടങ്ങളിൽ ആക്രമിക്കുന്നത്.  ട്രോളുകളെ വികാര പ്രകടനമായി മാത്രമാണ് കാണുന്നതെന്നും മൂവരും പറഞ്ഞു. 

മുഖ്യമന്ത്രി ഇനി സാർ എന്ന് വിളിക്കണമെന്ന രീതിയിൽ പ്രചരിച്ച ട്രോളുകൾക്ക് കെകെ രമ മറുപടി നൽകി. തന്റെ രാഷ്ട്രീയവും സഭയിലേക്കെത്തിയ സാഹചര്യവുമാകും ട്രോളുകൾക്ക് കാരണമെന്നായിരുന്നു രമയുടെ മറുപടി. അതുമായി ബന്ധപ്പെട്ടുള്ള ആളുകളുടെ വികാരപ്രകടനമായാണ് അത്തരം ട്രോളുകളെ കാണുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാവരുടേയുമാണ്. സ്വാഭാവികമായും ഏതെങ്കിലും ആവശ്യമുണ്ടെങ്കിൽ കാണുന്നതിനോ സംസാരിക്കുന്നതിനോ തടസങ്ങളൊന്നുമില്ല. പക്ഷേ ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് പോയി കണ്ട് സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും രമ വിശദീകരിച്ചു.  

 

 

click me!