അമ്പലപ്പുഴ പാൽപ്പായസം: പേര് മാറ്റിയുള്ള പേറ്റന്റ് വേണ്ടെന്ന് ദേവസ്വം മന്ത്രി

By Web TeamFirst Published Nov 13, 2019, 5:00 PM IST
Highlights
  • പായസത്തിന്‍റെ പേരിനൊപ്പം മറ്റൊരു പേരും ചേർക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ക്ഷേത്രഭരണസമിതി
  • അമ്പലപ്പുഴ പാൽപ്പായസം ക്ഷേത്രത്തിന് പുറത്ത് കടകളിലും മറ്റും തയ്യാറാക്കി വിൽക്കുന്നത് തടയാനാണ് പേറ്റന്റ് നേടാൻ ശ്രമിച്ചത്

തിരുവനന്തപുരം: പ്രശസ്തമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് മാറ്റുന്നതിനെതിരെ കടുത്ത വിയോജിപ്പുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അമ്പലപ്പുഴ പാൽപ്പായസം ഗോപാലകഷായമെന്നാക്കി പേര് മാറ്റേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

അമ്പലപ്പുഴ പാൽപ്പായസത്തിന്‍റെ പേര് ഗോപാല കഷായം എന്നുകൂടി ആക്കുന്നതിനെതിരെ ക്ഷേത്രഭരണസമിതിയും ചരിത്രകാരന്മാരും നേരത്തെ രംഗത്തെത്തിയിരുന്നു. അമ്പലപ്പുഴ പാൽപ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്നും അത്തരം പ്രചരണം അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് എ. പത്മകുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അമ്പലപ്പുഴ പാൽപ്പായസം ക്ഷേത്രത്തിന് പുറത്ത് കടകളിലും മറ്റും തയ്യാറാക്കി വിൽക്കുന്നത് ദേവസ്വം ബോ‍ർഡ് പിടികൂടിയിരുന്നു. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് പായസത്തിന് പേറ്റന്റ് നേടിയെടുക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.  അമ്പലപ്പുഴ പാൽപ്പായസം, ഗോപാല കഷായം എന്നീ പേരുകളിൽ പേറ്റന്‍റ് നേടാനായിരുന്നു ശ്രമം. ചരിത്ര രേഖകളിൽ അമ്പലപ്പുഴ പാൽപ്പായസത്തിന്, ഗോപാല കഷായം എന്നും പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോ‍ർഡ് വിശദീകരിച്ചത്.

എന്നാൽ, പായസത്തിന്‍റെ പേരിനൊപ്പം മറ്റൊരു പേരും ചേർക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ക്ഷേത്രഭരണസമിതി. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്കും ഓംബുഡ്മാനും ഭരണസമിതി പരാതി നൽകിയിരുന്നു. ഇപ്പോൾ മന്ത്രിയും ക്ഷേത്രഭരണസമിതിയുടെ നിലപാടിനോട് യോജിച്ച തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.

click me!