
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി സബ്‌സിഡി പിൻവലിക്കില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സബ്‌സിഡി വിഷയത്തിൽ ജനത്തിന് ആശങ്ക വേണ്ട. വൈദ്യുതി തീരുവയിൽ നിന്ന് സബ്‌സിഡിക്കുള്ള തുക സംസ്ഥാന സർക്കാർ കെഎസ്ഇബിക്ക് കൈമാറും. അതിനായി സംവിധാനം സംസ്ഥാന വൈദ്യുതി വകുപ്പ് ഒരുക്കും. കെഎസ്ഇബി പെൻഷൻ വിതരണത്തിലുള്ള പ്രതിസന്ധി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഇന്നലെയാണ് വൈദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകിവന്ന സബ് സിഡിയും സർക്കാർ റദ്ദാക്കിയത്. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് നൽകിവന്ന സബ്‌സിഡിയാണ് പിൻവലിച്ചത്. എല്ലാ വർഷവും നിരക്ക് കൂട്ടേണ്ടിവരുമെന്നും ജനങ്ങൾ അതിന് തയ്യാറെടുക്കണമെന്നുമാണ് വൈദ്യുതിമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
യൂണിറ്റിന് 20 പൈസയായിരുന്നു സർക്കാർ സർചാർജ് ഇനത്തിൽ വർധിപ്പിച്ചത്. പക്ഷെ നിരക്കും ഫിക്സഡ് ഡെപ്പോസിറ്റും കൂട്ടിയതിനൊപ്പം 10 വർഷത്തോളമായി നൽകിവന്ന സബ്‌സിഡി എടുത്തുകളയുകയായിരുന്നു. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 85 പൈസയായിരുന്നു ശരാശരി സബ്‌സിഡി. ആദ്യത്തെ 40 യൂണിറ്റിന് 35 പൈസയാണ് സബ്‌സിഡി, പിന്നെ 41 മുതൽ 120 യൂണിറ്റ് വരെ 50 പൈസ എന്ന നിരക്കിലായിരുന്നു ആശ്വാസം.
മാസം കുറഞ്ഞത് 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ശരാശരി 44 രൂപയോളം കിട്ടിയ സബ്‌സിഡി ലഭിക്കുന്നത്. പുതിയ നിരക്ക് വർദ്ധനവ് 40 യൂണിറ്റിന് മുകളിൽ മാത്രമെന്ന് സർക്കാർ പറയുമ്പോൾ സബ് സഡി കട്ടാക്കിയത് വഴി ആ വിഭാഗങ്ങൾക്കും വലിയ തിരിച്ചടിയായിരുന്നു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ട സ്ഥിതിയാണ്. 2023 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കാക്കി ബോർഡിനുള്ള നഷ്ടം നികത്താനാണ് ചാർജ്ജ് കൂട്ടിയത്. കുറഞ്ഞ വിലക്ക് വൈദ്യുതി കിട്ടിയിരുന്ന ദീർഘകാല കരാർ റദ്ദാക്കിയത് മെയിലാണ്. അത് വഴിയുള്ള നഷ്ടം തീർക്കാൻ വൻതുകക്കാണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയത്. പ്രതിദിന നഷ്ടം പത്ത് കോടി രൂപയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam