കൂട്ടമായുള്ള ജോലി, സുരക്ഷാമാര്‍ഗങ്ങളില്ല; പ്രതിസന്ധിക്കിടയിലും നാടിനായി കൈകോര്‍ത്ത് ഇവര്‍

By Web TeamFirst Published Mar 23, 2020, 10:14 AM IST
Highlights

കൊവിഡ് പ്രതിരോധത്തിന് നാടാകെ കൈ കോര്‍ക്കുമ്പോള്‍ സുരക്ഷയ്ക്ക് യാതൊന്നുമില്ലാതെ തൊഴിലെടുക്കുകയാണ് റെയില്‍വേ എഞ്ചിനീയറിങ് തൊഴിലാളികളും ടോള്‍ ബൂത്ത് ജീവനക്കാരും. 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് നാടാകെ കൈ കോര്‍ക്കുമ്പോള്‍ സുരക്ഷയ്ക്ക് യാതൊന്നുമില്ലാതെ തൊഴിലെടുക്കുകയാണ് റെയില്‍വേ എഞ്ചിനീയറിങ് തൊഴിലാളികള്‍ മുതല്‍ ടോള്‍ ബൂത്ത് ജീവനക്കാര്‍ വരെ. എട്ടു മണിക്കൂറിലേറെ നീളുന്ന കൂട്ടമായുള്ള ജോലിയും വേണ്ടത്ര സുരക്ഷാ മാര്‍ഗങ്ങളുടെ അഭാവവും ഇവര്‍ക്ക് വെല്ലുവിളി ആകുകയാണ്.

ഫറോക്ക് മുതൽ കോഴിക്കോട് വരെയുള്ള ഭാഗത്ത് റെയിൽപാളം മാറ്റുന്ന അറുപതംഗ സംഘം ഒരാഴ്ചയായി ജോലി തുടങ്ങിയിട്ട്. കൂട്ടമായുളള ജോലി എട്ട് മണിക്കൂറിലേറെ നീളും. തൊട്ടടുത്ത ട്രാക്കിലൂടെ പോകുന്ന ട്രെയിനുകളിലെ യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യമടക്കം ഇവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെങ്കിലും കൊവിഡ് പ്രതിരോധത്തിനുളള യാതൊരു സജ്ജീകരണങ്ങളും ഇവിടെയില്ല. സർക്കാർ ജീവനക്കാരയതിനാൽ ഈ ദുരിതത്തെക്കുറിച്ച് തുറന്നു പറയാനും ഇവര്‍ക്ക് കഴിയുന്നില്ല.

സമാന അവസ്ഥയിലാണ് കൊയിലാണ്ടി നന്തി ടോൾ പ്ലാസയിലെ തൊഴിലാളികളും. വിവിധ സംഥാനങ്ങളി‍ല്‍ നിന്നെത്തുന്ന വാഹനങ്ങളിൽ നിന്ന് ടോൾ പിരിച്ചെടുക്കുന്ന തൊഴിലാളികൾക്ക് മാസ്കില്ല. കൈകഴുകാൻ അണുനാശിനി ഉണ്ടെങ്കിലും ഓരോ വട്ടവും പണം വാങ്ങിയ ശേഷം കൈകൾ കഴുകുക അപ്രായോഗികമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതുപോലെ ടോൾ പ്ലാസകള്‍ക്കും താല്‍ക്കാലികമായെങ്കിലും അവധി നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!