പദ്മഭൂഷൺ പുരസ്കാര ജേതാവായ മമ്മൂട്ടിയെ മോഹൻലാൽ, മഞ്ജു വാര്യർ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അഭിനന്ദിച്ചു. മമ്മൂട്ടിയുടെ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് മോഹൻലാൽ കുറിച്ചു
തിരുവനന്തപുരം: പദ്മഭൂഷൺ പുരസ്കാര ജേതാവ് മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു, മമ്മൂട്ടിയെ 'ഇച്ചാക്കാ' എന്ന് വിളിച്ചുകൊണ്ടാണ് മോഹൻലാലിന്റെ പോസ്റ്റ്.
'ഇച്ചാക്കാ, താങ്കൾക്ക് പദ്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ മഹത്വം തുടരട്ടെയെന്ന് ആശംസിക്കുന്നു.' -ഇതാണ് മോഹൻലാൽ കുറിച്ചത്. മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചാണ് പോസ്റ്റ്.
മഞ്ജു വാര്യരും മമ്മൂട്ടിയെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു- 'അഭിനന്ദനങ്ങൾ മമ്മൂക്കാ! അതിരുകൾ ഭേദിക്കുന്നത് എങ്ങനെയെന്നും വെല്ലുവിളികൾ ഏറ്റെടുക്കുന്നത് എങ്ങനെയെന്നും പുഞ്ചിരിയോടെ കാണിച്ചുതന്നതിന് നന്ദി. നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്, അതുല്യനാണ്. പദ്മ പുരസ്‌കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ' - ഇതാണ് മഞ്ജു വാര്യരുടെ വാക്കുകൾ.
വാനോളം പുകഴ്ത്തി മുഖ്യമന്ത്രി
മമ്മൂട്ടിയുടെ പദ്മഭൂഷൺ പുരസ്‌കാര നേട്ടത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഞങ്ങൾക്ക് ഇപ്പോഴെങ്കിലും ആ സന്തോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറേ വർഷങ്ങളായി ഞങ്ങൾ ശുപാർശ നൽകുന്നു. എല്ലാത്തിനും അതിന്റെതായ കാലമുണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മമ്മൂട്ടിയെ വാനോളം പുകഴ്ത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഓരോ സിനിമയിലും നമുക്ക് പരിചയമുള്ള മമ്മൂട്ടി ആകാതിരിക്കാനാണ് മമ്മൂട്ടിയുടെ ശ്രമമെന്നും സ്വയം പുതുക്കുന്ന നടന ശരീരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാതൽ ഉൾപ്പെടെയുള്ള ചിത്രങ്ങൾ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.
എട്ടു പേരാണ് കേരളത്തിൽ നിന്ന് പത്മപുരസ്ക്കാരത്തിന് അർഹരായത്. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ജസ്റ്റിസ് കെ ടി തോമസിനും പി നാരായണനും പത്മവിഭൂഷൺ നല്‍കി രാജ്യം ആദരിച്ചു. മമ്മൂട്ടിക്ക് പുറമെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹനായി. കലാമണ്ഡലം വിമല മേനോൻ, കൊല്ലക്കൽ ദേവകിയമ്മ, എ ഇ മുത്തുനായകം എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.


