ലോക ഒആര്‍എസ് ദിനം: പോസ്റ്ററുകള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

By Web TeamFirst Published Jul 29, 2021, 5:07 PM IST
Highlights

എല്ലാവരും ഒ.ആര്‍.എസ്. പാനീയ ചികിത്സയില്‍ അവബോധം നേടേണ്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒ.ആര്‍.എസിന്റേയും സിങ്ക് ഗുളികകളുടേയും സ്റ്റോക്ക് ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്...

തിരുവനന്തപുരം: ലോക ഒ.ആര്‍.എസ്. ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ അവബോധ പോസ്റ്റര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. വയറിളക്ക രോഗങ്ങള്‍ മൂലമുള്ള നിര്‍ജലീകരണം തടയുവാനും ജീവന്‍ രക്ഷിക്കാനും ഒ.ആര്‍.എസ്. ലായിനിയുടെ പങ്ക് വെളിവാക്കുന്നതാണ് പോസ്റ്റര്‍. സംസ്ഥാനത്തെ ആശുപത്രികളില്‍ ഈ പോസ്റ്റര്‍ പതിപ്പിക്കുന്നതാണ്. സ്റ്റേറ്റ് ഒ.ആര്‍.എസ്. ഓഫീസര്‍ ഡോ. ബിനോയ് എസ്. ബാബു പോസ്റ്റര്‍ ഏറ്റുവാങ്ങി.

എല്ലാവരും ഒ.ആര്‍.എസ്. പാനീയ ചികിത്സയില്‍ അവബോധം നേടേണ്ടതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒ.ആര്‍.എസിന്റേയും സിങ്ക് ഗുളികകളുടേയും സ്റ്റോക്ക് ആശുപത്രികളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ മുഖ്യ ആരോഗ്യ പ്രശ്‌നമാണ് വയറിളക്ക രോഗങ്ങളും തുടര്‍ന്നുള്ള മരണങ്ങളും. യഥാസമയത്ത് ശരിയായുള്ള ഒ.ആര്‍.എസ്. പാനീയ ചികിത്സയിലൂടെ 90 ശതമാനം വയറിളക്ക മരണങ്ങളും തടയാവുന്നതാണ്. ശരീരത്തില്‍ നിന്നും ജലവും ലവണവും നഷ്ടപ്പെടുന്നത് മൂലമാണ് പലപ്പോഴും ഗുരുതരാവസ്ഥയിലേക്ക് നയിക്കുന്നത്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒ.ആര്‍.എസ്. ഉപയോഗിക്കേണ്ട വിധം

  •  എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒ.ആര്‍.എസ്. പാക്കറ്റുകള്‍ സൂക്ഷിക്കുക
  •  ഉപയോഗിക്കുന്നതിന് മുമ്പ് എക്‌സ്പിരി ഡേറ്റ് നോക്കുക
  •  വൃത്തിയുള്ള പാത്രത്തില്‍ 200 എം.എല്ലിന്റെ 5 ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളം എടുക്കുക
  •  ഒരു പാക്കറ്റ് ഒ.ആര്‍.എസ്. വെള്ളത്തിലിട്ട് സ്പൂണ്‍ കൊണ്ട് ഇളക്കുക
  •  വയറിളക്ക രോഗികള്‍ക്ക് ലായനി നല്‍കാം
  •  കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദിയുണ്ടെങ്കില്‍ 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക
  •  ഒരിക്കല്‍ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്.
  •  വയറിളക്കം കുറയാതിരിക്കുകയോ, രക്തം പോകുക, പനി, മറ്റ് അസ്വസ്ഥതകള്‍ എന്നീ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്താല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
click me!