'ഇടത് ബന്ധം ധൃതരാഷ്ട്രാലിംഗനം', കേരള കോൺഗ്രസിനെ പരിഹസിച്ചും വിമ‍ർശിച്ചും യുഡിഎഫ്

By Web TeamFirst Published Jul 29, 2021, 4:35 PM IST
Highlights

സർക്കാറിന് സുപ്രീം കോടതിയിൽ നിന്നും കിട്ടിയ കനത്ത അടിയുടെ പരിക്ക് കേരള കോൺഗ്രസിനും ഏല്പിച്ചുള്ള രാഷ്ട്രീയനീക്കങ്ങളിലാണ് യുഡിഎഫ്. 

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ ഇടത് സർക്കാറിന് തിരിച്ചടിയേറ്റതിന് പിന്നാലെ കേരള കോൺഗ്രസിനെതിരായ പരിഹാസവും വിമ‍ർശനവും തുടർന്ന് യുഡിഎഫ്. കേരള കോൺഗ്രസിനോടുള്ള ഇടത് ബന്ധം ധൃതരാഷ്ട്രാലിഗനമെന്നും പ്രതിപക്ഷം പരിഹസിച്ചു. സർക്കാറിന് സുപ്രീം കോടതിയിൽ നിന്നും കിട്ടിയ കനത്ത അടിയുടെ പരിക്ക് കേരള കോൺഗ്രസിനും ഏല്പിച്ചുള്ള രാഷ്ട്രീയനീക്കങ്ങളിലാണ് യുഡിഎഫ്. 

മാണിയെ അഴിമതിക്കാരനെന്ന് വിളിച്ച ഇടതിനൊപ്പം തുടരാൻ കേരള കോൺഗ്രസിന് നാണമില്ലേ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും സഭയിൽ ചോദിച്ചു. എന്നാൽ ജീവിച്ചിരുന്നപ്പോഴും മരിച്ചശേഷവും മാണിക്ക് സ്വസ്ഥത നൽകാത്തത് യുഡിഎഫാണെന്നായിരുന്നു കേരള കോൺഗ്രസിൻറെ മറുപടി. 

വിധിക്കാധാരം മാണിയെ തടയാനുള്ള ഇടത് ശ്രമമാണെന്നതിൽ ഊന്നിയായിരുന്നു പ്രതികരണങ്ങൾ. അന്ന് മാണിക്ക് കവചം തീർത്തത് യുഡിഎഫ് ആയിരുന്നു. തടയാൻ ശ്രമിച്ച ഇടതിനൊപ്പമാണ് ഇന്ന് മാണിയുടെ മകനും പാ‍ർട്ടിയുമുള്ളത്. മാണിക്കെതിരായ ഇടത് പ്രതിഷേധങ്ങളും ആക്ഷേപങ്ങളുമൊക്കെ ഓർമ്മിപ്പിച്ചാണ് ഇടത് പാളയത്തിലുള്ള കേരള കോൺണഗ്രസിനുള്ള യുഡിഎഫിന്റെ കുത്ത്. 

ഇടത് സമരം മാണി എന്ന വ്യക്തിക്കെതിരെ മാത്രമായിരുന്നുവെന്ന് ആവർത്തിക്കുന്ന മാണിക്കെതിരായ നിയമസഭയിലെ വിഎസ് അച്യുതാനന്ദന്റെ പഴയ പരാമർശങ്ങളും പ്രതിപക്ഷനേതാവ് വായിച്ചു. വിധിയിലെ തെറ്റും ശരിയും പറയുന്നില്ലെന്ന ജോസ് കെ മാണിയുടെ ഇന്നലത്തെ പ്രതികരണം കേരള കോൺഗ്രസ് ഉൾപ്പെട്ട പ്രതിസന്ധി വ്യക്തമാക്കുന്നു. എന്നാൽ പാർട്ടി എംഎൽഎ ജോബ് മൈക്കിൾ മുന്നണി മാറ്റം രാഷ്ട്രീയമായി ശരിയാണെന്ന് വ്യക്തമാക്കി യുഡിഎഫിന് ശക്തമായ മറുപടി സഭയിൽ തന്നെ നൽകി. കയ്യാങ്കളി കേസ് വിചാരണനടപടിയിലേക്ക് നീങ്ങാനിരിക്കെ ഓരോ ഘട്ടത്തിലും ചരിത്രവും കേരള കോൺഗ്രസ്സിൻറെ മുന്നണിമാറ്റവുമെല്ലാം രാഷ്ട്രീയചർച്ചകളിൽ തുടരുമെന്നുറപ്പാണ്. 

click me!