സാഹിത്യകാരന്‍ പി എന്‍ ദാസ് അന്തരിച്ചു

By Web TeamFirst Published Jul 28, 2019, 3:57 PM IST
Highlights

കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിലാണ് പി എന്‍ ദാസ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പട്ടാമ്പി സംസ്‌കൃത കോളജില്‍ ഉപരിപഠനത്തിനെത്തിയ കാലത്താണ് മാസിക പ്രവര്‍ത്തനത്തിലൂടെ സാഹിത്യ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്

കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായ പി എന്‍ ദാസ് അന്തരിച്ചു. 72 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് മാവൂര്‍ റോ‍ഡിലുള്ള ശ്മശാനത്തില്‍ നാളെയാണ് സംസ്കാരം. ഭാര്യ രത്നം. മൂന്ന് മക്കള്‍ - മനു, മനീഷ്, ദീപാ രശ്മി. കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂരിലാണ് പി എന്‍ ദാസ് ജനിച്ചത്.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പട്ടാമ്പി സംസ്‌കൃത കോളജില്‍ ഉപരിപഠനത്തിനെത്തിയ കാലത്താണ് മാസിക പ്രവര്‍ത്തനത്തിലൂടെ സാഹിത്യ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കെ ജി ശങ്കരപ്പിള്ള അധ്യാപകനായി എത്തിയതോടെ ചിന്തകളില്‍ അടക്കം മാറ്റം വന്നു. പിന്നീട് അടിയന്തരാവസ്ഥ കാലത്ത് ജയില്‍ വാസം അനുഭവിച്ചു.

കടുത്ത പൊലീസ് മര്‍ദ്ദനത്തിനും ഇരയായിട്ടുണ്ട്. ഒരു വര്‍ഷത്തിനടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി. ജയിലിലെ ജീവിതം വലിയ മാനസിക പരിവര്‍ത്തനമാണ് പി എന്‍ ദാസില്‍ ഉണ്ടാക്കിയത്. പിന്നീട് പ്രകൃതി ചികിത്സയിലേക്കും ആത്മീയതയിലേക്കും അന്വേഷണം തിരിഞ്ഞു.

അത് ബുദ്ധനിലേക്കും സൂഫിസത്തിലേക്കുമെല്ലാം പി എന്‍ ദാസിനെ നയിച്ചു. വൈദിക സാഹിത്യത്തിനുളള കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ നമ്പൂതിരി എന്‍ഡോവ്‌മെന്റ് പുരസ്‌കാരം നേടിയിട്ടുണ്ട്. ഒരു തുളളിവെളിച്ചം എന്ന കൃതിക്കായിരുന്നു പുരസ്‌കാരം.

കരുണയിലേക്കുളള തീര്‍ഥാടനം, ബുദ്ധന്‍ കത്തിയെരിയുന്നു, ബോധിവൃക്ഷത്തിന്റെ ഇലകള്‍, വേരുകളും ചിറകുകളും, പക്ഷിമാനസം, ജീവിത പുസ്തകത്തില്‍ നിന്ന്,  തുടങ്ങി നിരവധി കൃതികളുടെ രചയിതാവാണ്. 'ദീപാങ്കുരന്‍' എന്ന തൂലികാ നാമത്തിലും എഴുതിയിട്ടുണ്ട്.
 

click me!