'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്

Published : Dec 08, 2025, 09:23 PM IST
Sara Joseph on Dileep verdict

Synopsis

നടൻ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. അവൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും കോടതി വിധി തള്ളിക്കളയുന്നുവെന്നും സാറാ ജോസഫ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. അവൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും കോടതി വിധി തള്ളിക്കളയുന്നുവെന്നും സാറാ ജോസഫ് ഫേസ് ബുക്കിൽ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

"ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാൻ!

വർഷങ്ങളോളം വലിച്ചു നീട്ടിയത് പിന്നെന്തിനാണെന്നാണ് വിചാരം!

തകർന്നു വീഴുന്നതിനുപകരം നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ് ആ പെൺകുട്ടി അവൻ്റെ മോന്തക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവൾ!

പിന്നീടൊരിക്കലും മങ്ങിയിട്ടില്ല അവളുടെ മുഖം. സത്യത്തിൻ്റെ ജ്വലനമാണത്.

ഇരുണ്ടും ഇളിഞ്ഞും ഇക്കണ്ടകാലം നമുക്കിടയിൽ നടന്നവൻ്റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ല.

അവൾക്കൊപ്പം.

കോടതിവിധി തള്ളിക്കളയുന്നു"

ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി

ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. പ്രതിക്കൂട്ടിൽ എട്ടാം പ്രതി ദിലീപടക്കം പത്തു പേരെയും നിരത്തി നിർത്തി. പ്രതികളെല്ലാം വന്നിട്ടുണ്ടെന്ന് എണ്ണിത്തിട്ടപ്പെടുത്തിയ ജില്ലാ ജഡ്ജി ഹണി എം വർഗീസ് വിധിന്യായം വായിച്ചു തുടങ്ങി. ഒന്നു മുതൽ ആറു വരെയുളള പ്രതികൾക്കെതിരെ കുറ്റങ്ങളൊക്കെ തെളിഞ്ഞിരിക്കുന്നു. കൂട്ടബലാൽസംഗം , തട്ടിക്കൊണ്ടുപോകൽ, ഐടി വകുപ്പുകൾ, ക്രിമിനൽ ഗൂഢാലോചനയടക്കം കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത എല്ലാവർക്കുമെതിരെ ചുമത്തിയ കുറ്റങ്ങളൊക്കെ തെളിഞ്ഞത് പ്രോസിക്യൂഷന് ആശ്വാസമായി. ഒന്നാം പ്രതി പൾസ‍ർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി, മൂന്നാം പ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ്, അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. പ്രതികൾക്ക് ഒളിവിടമൊരുക്കിയ ഏഴാം പ്രതി ചാർളി തോമസിനെ വെറുതെവിട്ടെന്ന്കൂടി പറഞ്ഞതോടെ എല്ലാക്കണ്ണുകളും ദിലീപിലേക്കായി.

ദിലീപിനെതിരെ ചുമത്തിയ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ കുറ്റങ്ങൾ ഒരിക്കൽ കൂടി ഉറക്കെ വായിച്ചു. ചുമത്തിയ കുറ്റങ്ങളൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന നിർണായക ഉത്തരവോടെ എട്ടാം പ്രതിയായ ദിലീപ് കുറ്റവിമുക്തനായി. ഒൻപതാം പ്രതി മേസ്തിരി സനൽ, തെളിവു നശിപ്പിച്ചതിന് വിചാരണ നേരിട്ട പത്താം പ്രതി ശരത് എന്നിവർകൂടി കുറ്റക്കാരല്ലെന്ന് കോടതി പറഞ്ഞതോടെ വിധിന്യായം പൂർത്തിയായി. കുറ്റക്കാർക്കുളള ശിക്ഷ അവരെക്കൂടി കേട്ടശേഷം വെളളിയാഴ്ച പ്രഖ്യാപിക്കും. അതുവരെ കനത്ത സംരക്ഷണമൊരുക്കാനും വിയ്യൂർ ജയിലിൽ പാർപ്പിക്കാനും കോടതി നിർദേശിച്ചു. നടിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്ന ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലാണ് കോടതി അതേപടി ശരിവെച്ചത്. എന്നാൽ ദിലീപിന്‍റെ ക്വട്ടേഷൻ അനുസരിച്ചാണ് ആദ്യ ആറും പ്രതികളും കൃത്യം നടത്തിയെന്ന പ്രോസിക്യൂഷൻ ആരോപണം വിചാരണക്കോടതി തളളി. ദിലീപടക്കം നാലു പ്രതികളെ വെറുതെവിട്ടതിനെതിരെ ഹൈക്കോടതി സമീപിക്കാൻ സർക്കാർ തൊട്ടുപിന്നാലെ തീരുമാനിച്ചു.

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി