
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അദ്ദേഹത്തിന് തുണയായെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ദൃശ്യങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ സോഷ്യൽ മീഡിയ അദ്ദേഹത്തെ ഇഞ്ചനാരുപോലെ ചതയ്ക്കുമായിരുന്നുവെന്നും, കിട്ടിയ സമയം കൊണ്ട് പലരും അത് തുടങ്ങിക്കഴിഞ്ഞിരുന്നുവെന്നും അവർ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വാർത്തകളിലെ ആക്ഷേപങ്ങൾക്ക് മറുപടിയായി അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സത്യം കാണിച്ചുതരുന്നുണ്ടെന്ന് ശാരദക്കുട്ടി നിരീക്ഷിച്ചു.
എല്ലായ്പ്പോഴും കുറ്റം കാറുകാരുടേതല്ല, അപകടമുണ്ടായാൽ ഉടൻ കുറ്റം വലിയ വാഹനങ്ങളുടേതാണെന്ന് വിധി എഴുതുന്ന പ്രവണത ശരിയല്ല. ബസ്സുകളുടെ മരണപ്പാച്ചിലിന് സമാനമായി ചില യുവാക്കളുടെ ബൈക്കുകളിലെ ഇരമ്പിച്ചുള്ള കുതിച്ചുപോക്ക് ഭയപ്പെടുത്തുന്നതാണ്. ലൈസൻസില്ലാതെയും അമിതവേഗത്തിലും പാഞ്ഞു വരുന്ന കൊച്ചു കുട്ടികളെ കണ്ട് മുൻസീറ്റിൽ ഭയന്ന് കണ്ണടച്ചിരുന്നിട്ടുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
അപകടം നടന്ന ശേഷം കാർ നിർത്താതെ പോയതിന് തല്ലു കിട്ടുമോ എന്ന് ഭയന്നാണ് നിർത്താതെ പോയത് എന്ന മണിയൻപിള്ള രാജുവിൻ്റെ വിശദീകരണത്തെ ശാരദക്കുട്ടി പിന്തുണച്ചു. നാട്ടുകാർ നിയമം കയ്യിലെടുത്ത് വിധി നിർണ്ണയിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന പ്രവണത അവസാനിക്കണം. കോടതിയും പോലീസും ഭരണകൂടവും ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ മനുഷ്യജീവന് തെരുവുപട്ടിയുടെ വില പോലും ലഭിക്കാത്ത അവസ്ഥ വരുമെന്നും അവർ കുറിപ്പിൽ പറയുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് ലൈസൻസില്ലാതെ അയൽപക്കത്തെ ബുള്ളറ്റുമായി ഇറങ്ങി അപകടമുണ്ടാക്കിയ കുട്ടികളെ നേരിൽ കണ്ട അനുഭവം അവർ വിവരിച്ചു. ബ്രേക്കും ആക്സിലറേറ്ററും മാറിപ്പോയെന്ന് പറയുന്ന ഇത്തരം കുട്ടികൾക്ക് തിരക്കുള്ള റോഡിൽ വണ്ടിയുമായി ഇറങ്ങാൻ ധൈര്യം എവിടെ നിന്ന് കിട്ടുന്നുവെന്ന് അവർ ചോദിക്കുന്നു. വിദേശ രാജ്യങ്ങളിലേതുപോലെ കർക്കശമായ നിയമങ്ങളും വൻതുക പിഴയും ഒത്തുകളികളില്ലാത്ത ശിക്ഷാ നടപടികളും ഉണ്ടാകാത്തതാണ് നമ്മുടെ നാട്ടിൽ നിയമങ്ങളെ ഭയമില്ലാത്തതിന് കാരണമെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam