Unique Disability Card : ഭിന്നശേഷി കുട്ടികളുടെ തിരിച്ചറിയൽ കാർഡിൽ വ്യാപക തെറ്റുകൾ; തിരുത്താൻ നടപടികളില്ല

By Web TeamFirst Published Jan 6, 2022, 5:49 AM IST
Highlights

പലതിലും പേരിൽ വരെ അക്ഷരതെറ്റ്,അവ്യക്തതകളും.അധികൃതരുടെ ഒപ്പും രേഖയിൽ കാണാനില്ല.ഒറ്റ നോട്ടത്തിൽ ഇത് വ്യാജ കാർഡ് ആണോ എന്ന ചോദ്യമാണ് ഉയരുക

കൊച്ചി: ഭിന്നശേഷി കുട്ടികൾക്കായി (differently abled)കേന്ദ്രസർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡിൽ(unique disability cards) വ്യാപക തെറ്റുകൾ. അക്ഷരതെറ്റ് മുതൽ കാലാവധി വരെ തെറ്റായി രേഖപ്പെടുത്തിയ കാർഡ് തിരുത്താൻ നടപടികളൊന്നുമില്ല. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പല ആനുകൂല്യങ്ങളും ഇതോടെ നിഷേധിക്കപ്പെടുന്നതായി മാതാപിതാക്കൾ പറയുന്നു.

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കുള്ള സാക്ഷ്യപത്രമാണ് UNIQUE DISABILITY CARD.പല മെഡിക്കൽ സർട്ടിഫിക്കറ്റുകൾക്ക് പകരം ഒരൊറ്റ തിരിച്ചറിയൽ രേഖ എന്നതായിരുന്നു ആശയം. ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾ സർക്കാർ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപിൽ പങ്കെടുത്താണ് ഈ കാർഡിന് അപേക്ഷ നൽകിയത്. ഒടുവിൽ ലഭിച്ച കാർഡിന്‍റെ വിശദാംശങ്ങൾ കാണുക.

2019ൽ തയ്യാറാക്കിയ കാർഡിന് സാധുത 2016 വരെ എന്ന്.സ്പെഷൽ കുട്ടികളെന്നും,ഭിന്നശേഷിക്കാരനെന്നും വിളിച്ച് ഈ സമൂഹത്തെ ചേർത്തുപിടിക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ കേന്ദ്രസർക്കാരിന്‍റെ തന്നെ ആരോഗ്യവിഭാഗം ഇവരെ വിശേഷിപ്പിക്കുന്നത് MENTAL ILLNESS അഥവാ മാനസികരോഗിയെന്ന്. ബൗദ്ധിക നിലവാരം കുറഞ്ഞതാണ് യഥാർത്ഥ പ്രശ്നമെന്ന വസ്തുത പോലും അറിയാത്തവരാണ് പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖ തയ്യാറാക്കുന്നതെന്ന് ചുരുക്കം.പലതിലും പേരിൽ വരെ അക്ഷരതെറ്റ്,അവ്യക്തതകളും.അധികൃതരുടെ ഒപ്പും രേഖയിൽ കാണാനില്ല.ഒറ്റ നോട്ടത്തിൽ ഇത് വ്യാജ കാർഡ് ആണോ എന്ന ചോദ്യമാണ് ഉയരുക. പുതിയ കാർഡിന് അപേക്ഷ നൽകിയവരും വർഷങ്ങളായി കാത്തിരിപ്പിലാണ്.

കേന്ദ്രസാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലെ DEPARTMENT FOR EMPOWERMENT OF PERSONS WITH DISABILITIES ആണ് കാർഡ് സ്വകാര്യ ഏജൻസി വഴി ലഭ്യമാക്കിയത്.തിരിച്ചറിവ് ഇല്ലാത്ത,സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലുമാകാത്ത ആയിരക്കണക്കിന് കുട്ടികളെയാണ് ഇങ്ങനെ സർക്കാർ സംവിധാനങ്ങൾ പറഞ്ഞ് പറ്റിക്കുന്നത്
 

click me!