
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ എക്സ്റേ മാറി നൽകിയ സംഭവത്തിൽ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. സൂപ്രണ്ട് നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സ്റേ മാറി നൽകിയിട്ടും അത് മനസ്സിലാകാതെ ചികിത്സിച്ച പൾമനോളജി വിഭാഗം ഡോക്ടർക്കും താക്കീത് നൽകി. 16 കാരിക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള 88 കാരിയുടെ എക്സ്റെ ആണ് മാറി നൽകിയത്.
ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ പെൺകുട്ടിയോട് ഡോക്ടറാണ് എക്സ്റേയെടുക്കാൻ നിർദേശിച്ചത്. ഇതനുസരിച്ച് പെൺകുട്ടി റേഡിയോളജി വകുപ്പിലെത്തി എക്സ്റേയെടുത്തു. എന്നാൽ റേഡിയോളജി വകുപ്പിൽ നിന്ന്, ആശുപത്രിയിൽ ചികിത്സയിലുള്ള 88-കാരിയുടെ എക്സ്റേയാണ് നൽകിയത്. ഈ എക്സ്റേയുമായി പെൺകുട്ടി വീണ്ടും ഡോക്ടറെ കണ്ടു. എക്സ്റേ പരിശോധിച്ച് പെൺകുട്ടിയുടെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് ഡോക്ടർ മരുന്നു കുറിച്ച് നൽകി. തുടർ ചികിത്സയ്ക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് എക്സ്റേ മാറിപ്പോയ കാര്യം മനസിലായത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എക്സ്റേ പരിശോധിച്ചപ്പോഴാണ് രോഗിയുടെ പ്രായവും കൊണ്ടുവന്ന എക്സ്റേയിലെ പൊരുത്തേക്കേടുകളും വ്യക്തമായത്.
ഇതോടെ പെൺകുട്ടിയും മാതാപിതാക്കളും കോന്നി മെഡിക്കൽ കോളേജിലെത്തി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. എക്സ്റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ നിർദേശം നൽകിയിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് മന്ത്രി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. എക്സ്റേ വിതരണം ചെയ്യുന്ന കൗണ്ടറിലാണ് പിഴവ് സംഭവിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷന് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam