കേരള പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിൻ്റെ കരാർ കാലാവധി കഴിഞ്ഞു. സംസ്ഥാന സർക്കാരും ചിപ്സൺ ഏവിയേഷനുമായുള്ള കരാറാണ് അവസാനിച്ചത്. ഇതേ തുടർന്ന് ചിപ്സൺ ഏവിയേഷൻ പുതിയ ശുപാർശ നൽകി. ആവശ്യമുള്ളപ്പോൾ സർക്കാരിന് വേണ്ടി പറക്കാമെന്ന് ചിപ്സണിൻ്റെ ശുപാർശ.

തിരുവനന്തപുരം: കേരള പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിൻ്റെ കരാർ കാലാവധി അവസാനിച്ചു. ഇതേ തുടർന്ന് ഹെലികോപ്ടർ കമ്പനിയായ ചിപ്സൺ ഏവിയേഷൻ പൊലീസിന് പുതിയ ശുപാർശ നൽകി. ആവശ്യമുള്ളപ്പോൾ മാത്രം പൊലീസിന് ഉപയോഗിക്കാമെന്നും ഒരു മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ പറക്കാമെന്നുമാണ് ചിപ്സൺ ഏവിയേഷൻ്റെ പുതിയ ശുപാർശ. നിലവിൽ 25 മണിക്കൂർ 80 ലക്ഷം രൂപയ്ക്കാണ് കരാർ പ്രകാരം പറന്നിരുന്നത്.

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെ ആണ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത്. ആദ്യം പവൻ ഹൻസ് എന്ന കമ്പനിയുമായാണ് കരാറിലേർപ്പെട്ടിരുന്നത്. പിന്നീടാണ് ചിപ്സൺ ഏവിയേഷനുമായി കരാറുണ്ടായത്. ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത് വലിയ ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷത്തുണ്ടായിരുന്ന കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ കോൺഗ്രസ് ഭരണത്തിൽ എത്തിയതിനിടെ ഹെലികോപ്ടറിൻ്റെ കരാർ കാലാവധി അവസാനിച്ചതോടെ കരാർ നീട്ടുമോ എന്നതിൽ ആകാംക്ഷയുണ്ട്.

കരാർ നീട്ടുന്നത് സംബന്ധിച്ചു ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ആണ് തീരുമാനമെടുക്കേണ്ടത്. കരാർ നീട്ടണമെന്ന ഡിജിപിയുടെ ശുപാർശ ആഭ്യന്തര വകുപ്പ് ധനമന്ത്രിക്ക് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ചു ശനിയാഴ്ച വൈകുന്നേരത്തുള്ളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കാതിരുന്നതോടെ ആണ് കരാർ അവസാനിച്ചത്. പിന്നാലെ ആണ് ചിപ്സൺ ഏവിയേഷൻ പൊലീസിന് പുതിയ ശുപാർശ സമർപ്പിച്ചത്. സർക്കാർ ആവശ്യപ്പെടുമ്പോൾ ഒരു മണിക്കൂർ യാത്രയ്ക്ക് നാല് ലക്ഷം രൂപ നിരക്കിൽ ഹെലികോപ്ടർ അനുനവദിക്കാമെന്നാണ് പുതിയ ശുപാർശ. നേരത്തെ ഒരു മാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപയുമായിരുന്നു നിരക്ക്.