'വസ്ത്രങ്ങൾ ചോദിച്ചപ്പോൾ യാസിർ കത്തിച്ച് സ്റ്റാറ്റസിട്ടു, ഷിബില ഒരുപാട് സഹിച്ചു': പരാതി നൽകിയതാണെന്ന് ബന്ധു

Published : Mar 19, 2025, 12:27 PM ISTUpdated : Mar 19, 2025, 12:33 PM IST
'വസ്ത്രങ്ങൾ ചോദിച്ചപ്പോൾ യാസിർ കത്തിച്ച് സ്റ്റാറ്റസിട്ടു, ഷിബില ഒരുപാട് സഹിച്ചു': പരാതി നൽകിയതാണെന്ന് ബന്ധു

Synopsis

പിടിച്ചുനിൽക്കാൻ ഷിബില ഒരുപാട് ത്യാഗം സഹിച്ചെന്ന് ബന്ധു പറയുന്നു.

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഷിബിലയെ വെട്ടിക്കൊന്ന ഭർത്താവ് യാസിറിനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് ബന്ധു അബ്ദുൽ മജീദ്. ഷിബിലയെ നേരത്തെയും യാസിർ ആക്രമിച്ചിട്ടുണ്ട്. പൊലീസ് ഒരു തവണ യാസിറിനെ വിളിച്ചു സംസാരിക്കുക മാത്രമാണ് ചെയ്തത്. യാസിർ മുമ്പേ ലഹരി ഉപയോഗിക്കുന്നയാളാണെന്നും ബന്ധു പറഞ്ഞു. ഷിബിലയുടെ വസ്ത്രങ്ങളൊക്കെ യാസിർ വാടക വീട്ടിൽ പൂട്ടിവച്ചു. ഡ്രസ് ചോദിച്ചപ്പോൾ അതെല്ലാം കത്തിച്ച് ഫോട്ടോയെടുത്ത് സ്റ്റാറ്റസിട്ടെന്നും ബന്ധു അബ്ദുൽ മജീദ് പറയുന്നു. 

"ഷിബിലയെ മുൻപും യാസിർ ആക്രമിച്ചിട്ടുണ്ട്. യാസിർ ലഹരി ഉപയോഗിക്കുന്ന സമയത്താകാം സാഡിസ്റ്റ് മനോഭാവം. കുടുംബമെന്ന നിലയിൽ ഒപ്പിച്ചങ്ങ് പോവുകയായിരുന്നു. പിടിച്ചുനിൽക്കാൻ ഷിബില ഒരുപാട് ത്യാഗം സഹിച്ചു. വീട്ടിൽ നിന്ന് അവൻ ഇറക്കി വിടുകയായിരുന്നു. ഇനി ഒരു തരത്തിലും തിരിച്ചു പോകാൻ കഴിയില്ലെന്ന അവസ്ഥയിലെത്തി. ആദ്യം മഹല്ലിൽ പറഞ്ഞു. സംസാരിക്കാൻ വിളിച്ചിട്ട് യാസിർ വന്നില്ല. കഴിഞ്ഞ 28നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് ഒന്ന് വിളിച്ച് സംസാരിക്കുക മാത്രമാണ് ചെയ്തത്. മറ്റൊരു നടപടിയും ഉണ്ടായില്ല- ബന്ധു അബ്ദുൽ മജീദ് പറഞ്ഞു.  

യാസിർ ഇന്നലെ ഉച്ചയ്ക്ക് ഭാര്യവീട്ടിലെത്തി ഷിബിലയെ കണ്ടിരുന്നു. ഷിബിലയുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് കൈമാറി.  വൈകുന്നേരം വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും യാസിർ ഷിബിലയോട് പറഞ്ഞിരുന്നു. അതിന് ശേഷം വൈകുന്നേരം എത്തിയാണ് കൊലപാതകം നടത്തിയത്. 

ഇന്നലെ വൈകുന്നേരം 6.35ഓടെ ഭാര്യവീട്ടിലെത്തിയ യാസിർ, ആദ്യം ഷിബിലയെ കത്തികൊണ്ട് കുത്തി. ഇത് തടയാൻ എത്തിയപ്പോൾ ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്ന് പൊലീസ് സംശയിക്കുന്നു. 

കൊലപാതകത്തിനു ശേഷം കാറിൽ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് പാർക്കിംഗിൽ വച്ചാണ് അർദ്ധരാത്രിയോടെ പിടികൂടിയത്. രാസലഹരിക്ക് അടിമയായ യാസിറിന്റെ  ഉപദ്രവം സഹിക്ക വയ്യാതെയാണ് ഷിബില കുഞ്ഞിനെയും എടുത്ത് അടിവാരത്തെ വാടക വീട്ടിൽ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതെന്ന് അയൽവാസി പറഞ്ഞു.

യാസിർ ഇന്നലെ ഉച്ചയ്ക്കും ഷിബിലയുടെ വീട്ടിലെത്തി, വൈകീട്ട് വീണ്ടും വരാമെന്നും സലാം പറഞ്ഞു പിരിയാമെന്നും പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി