
കണ്ണൂർ: കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് എവിടെ എത്തി നിൽക്കുന്നുവെന്ന് കോൺഗ്രസ് സ്വയം പരിശോധിക്കണം. എല്ലാ മതനിരപേക്ഷ ശക്തികളയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ഹിന്ദുത്വ ശക്തിയെ എതിർക്കാൻ എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കണം. അതിന് സിപിഎം മുൻകൈയ്യെടുക്കും.എന്നാൽ ഏകാധിപാത്യ സർക്കാരിനെതിരെയുള്ള സെമിനാറിൽ പോലും പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസെന്നും യെച്ചൂരി പറഞ്ഞു. പാർട്ടി കോൺഗ്രസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ പാർട്ടി കോൺഗ്രസ് അവിസ്മരണീയവും മഹാവിജയവുമാണ്. ഇതിന് കണ്ണൂരിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. രാജ്യത്ത് വർഗീയ അജണ്ട നടപ്പിലാക്കുന്ന നിലയാണിപ്പോൾ. ബിജെപി നടപ്പിലാക്കുന്നത് ആർഎസ്എസ് അജണ്ടയാണ്. ഈ വെല്ലുവിളികളെ സിപിഎം നേരിടും. ബിജെപിയും ആർഎസ്എസും നയിക്കുന്ന ഫാസിസ്റ്റ് സർക്കാരിനെ എതിർക്കുക എന്നതാണ് സിപിഎമ്മിൻ്റെ മുഖ്യലക്ഷ്യം.
കണ്ണൂർ വിപ്ലവ രക്തസാക്ഷികളുടെ മണ്ണാണ്. ഇവിടെ നടന്ന പാർട്ടി കോൺഗ്രസിൽ എല്ലാം ഒറ്റക്കെട്ടായിട്ടാണ് തീരുമാനിച്ചത്. കേരളത്തിൽ മാത്രം ഒതുങ്ങുന്ന പാർട്ടി എന്ന് പ്രധാനമന്ത്രി പറയാറുണ്ട് എന്നാൽ ഇടതുപക്ഷത്തിൻ്റെ ശക്തി ഇല്ലാതാക്കാൻ ആവില്ല എന്ന് അദ്ദേഹത്തിന് അറിയാം. ഈ പാർട്ടിയെ ഇല്ലാതാക്കാം എന്ന് കരുതേണ്ട, ചെങ്കൊടി യുടെ ചരിത്രം ഓർക്കുക.
ഫാസിസത്തെ അവസാനിപ്പിച്ച ചരിത്രമാണ് ചെങ്കൊടിക്ക്. സിപിഎമ്മിന്റെ ശക്തിയെ അവർ ഭയക്കുന്നു. സിപിഎമ്മിനെ ദുർബലപ്പെടുത്താനാകില്ലെന്ന് ചരിത്രം പഠിച്ചാൽ അറിയാം. ഫാസിസത്തെ അവസാനിപ്പിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഇടത് പക്ഷത്തിൻ്റെ ശക്തി വർദ്ധിപ്പിക്കുകയെന്നതാണ് പ്രധാന അജണ്ട. ഇടത് ഐക്യം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ ഐക്യവും ശക്തിപ്പെടുത്തണം. എല്ലാ മതനിരപേക്ഷ ശക്തികളയും ഒന്നിപ്പിക്കും. ഹിന്ദുത്വ ശക്തിയെ എതിർക്കാൻ എല്ലാ ജനാധിപത്യ ശക്തികളെയും ഒരുമിപ്പിക്കണം. അതിന് സിപിഎം മുൻകൈയ്യെടുക്കും.
എന്നാൽ ഒരു വേദിയൊരുക്കി സെമിനാർ വിളിച്ചാൽ പോലും വരില്ല എന്നതാണ് ചിലരുടെ നിലപാട്. അപ്പോൾ പിന്നെ എങ്ങനെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കും. സെമിനാറിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ നടപടി എടുക്കുന്നു. മതനിരപേക്ഷ പാർട്ടി എന്ന പറച്ചിൽ മാത്രമാണ് അവർക്കുള്ളത്. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെ നിൽക്കുന്നുവെന്ന് കോൺഗ്രസ് ആലോചിക്കണം.
ഹിന്ദി ഭാഷ നിർബന്ധമാക്കണമെന്ന് ആഭ്യന്തര മന്ത്രി പറയുന്നു. ഭാഷ അടിസ്ഥാനത്തിൽ രൂപീകരിച്ച രാജ്യമാണ് ഇന്ത്യ. ഇത് ഫെഡറലിസത്തിന് വെല്ലുവിളിയാണ്. മനുഷ്യരെ മനുഷ്യരായി കാണുന്ന ഒരേഒരു സംസ്ഥാനമാണ് കേരളം. സൗഹാർദ്ദ അന്തരീക്ഷം ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. കേരള മോഡൽ രാജ്യത്ത് ഒട്ടാകെ വരേണ്ടതായിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ ആളുകളെ കാണുന്നില്ല. മതത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല മനുഷ്യനായി കാണുന്നു. കേരളം നല്ല ഇന്ത്യക്ക് വഴി തെളിക്കും. കേരളത്തിലെ ജനങ്ങൾ ചെങ്കൊടിയെ സ്നേഹിക്കുന്നു. ഇന്ത്യയിൽ മാറ്റം സാധ്യമാണ്. ഒരുമിച്ച് നമ്മൾക്ക് ഇന്ത്യയെ രക്ഷിക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam