സ്ഥാനമൊഴിയാനുള്ള കോടിയേരിയുടെ തീരുമാനത്തെ യെച്ചൂരി അനുകൂലിച്ചു, കാരാട്ട് എതിർത്തു

By Web TeamFirst Published Nov 13, 2020, 2:50 PM IST
Highlights

അവലൈബിൾ പിബിയിൽ ഇക്കാര്യം പറഞ്ഞ കോടിയേരി പിന്നീട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പിബി അംഗം പ്രകാശ് കാരാട്ടുമായും പ്രത്യേകം ചർച്ച നടത്തി. 

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കാനുള്ള കോടിയേരി ബാലകൃഷ്ണൻ്റെ തീരുമാനത്തോട് സമ്മിശ്ര പ്രതികരണമാണ് സിപിഎം കേന്ദ്ര നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ഇന്ന് രാവിലെ ചേർന്ന അവലൈബിൾ പിബി യോഗത്തിലാണ് ചികിത്സ ആവശ്യാർത്ഥം തനിക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും അവധിയെടുക്കണമെന്ന് കോടിയേരി പറഞ്ഞത്. 

അവലൈബിൾ പിബിയിൽ ഇക്കാര്യം പറഞ്ഞ കോടിയേരി പിന്നീട് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും പിബി അംഗം പ്രകാശ് കാരാട്ടുമായും പ്രത്യേകം ചർച്ച നടത്തി. സ്ഥാനമൊഴിയേണ്ട കാര്യമില്ലെന്നാണ് കോടിയേരിയോട് പ്രകാശ് കാരാട്ട് പറഞ്ഞത്. എന്നാൽ തൻ്റെ തീരുമാനത്തിൽ കോടിയേരി ഉറച്ചു നിന്നു. 

ഇതോടെ പകരം ആരുടെയെങ്കിലും പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കാൻ കേന്ദ്ര നേതാക്കൾ കോടിയേരിയോട് ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് എൽഡിഎഫ് കൺവീനറായ എ.വിജയരാ​ഘവൻ്റെ പേര് കോടിയേരി മുന്നോട്ട് വച്ചത്. കേന്ദ്ര കമ്മിറ്റി അം​ഗമായ എ.വിജയരാഘവൻ്റെ പേരിനെ കേന്ദ്ര നേതാക്കളെല്ലാം പിന്തുണച്ചു.

കോടിയേരി സ്ഥാനമൊഴിയുന്നതിനെ പ്രകാശ് കാരാട്ട് എതി‍ർത്തെങ്കിലും ഈ തീരുമാനത്തെ സീതാറാം യെച്ചൂരി പിന്തുണച്ചുവെന്നാണ് സൂചന. ബിനോയ് കോടിയേരിയേരിക്ക് പിന്നാലെ ബിനീഷ് കോടിയേരിയും കേസിലും വിവാദത്തിലും അകപ്പെട്ട സാഹചര്യത്തിൽ യെച്ചൂരി നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നുവെന്നാണ് സൂചന. സിപിഎം കേന്ദ്ര നേതൃത്വത്തിൽ ഒരു വിഭാ​ഗവും കോടിയേരി സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സ്വീകരിച്ചത്. 

click me!