ജർമ്മൻ യുവതിയെ കണ്ടെത്താൻ ഇനി ഇന്‍റർപോളും കേരളാ പൊലീസിനെ സഹായിക്കും

By Web TeamFirst Published Jul 4, 2019, 12:28 PM IST
Highlights

വിവിധ രാജ്യങ്ങളിൽ ഇന്‍റര്‍പോള്‍ ലിസ വെയിൽസിന്‍റെ വിവരങ്ങൾ കൈമാറും.
 

ദില്ലി: ജർമ്മൻ യുവതി ലിസ വെയില്‍സിന്‍റെ  തിരോധാനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്‍റര്‍പോളിന്‍റെ സഹായം തേടി. ലിസ വെയില്‍സിനെ കണ്ടെത്താനായി കേരളാ പൊലീസ്  ഇന്‍റര്‍പോളിനെ സമീപിച്ചതോടെ ഇന്‍റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിക്കും. ഇതോടെ വിവിധ രാജ്യങ്ങള്‍ക്ക് ഇന്‍റര്‍പോള്‍ ലിസ വെയിൽസിന്‍റെ വിവരങ്ങൾ കൈമാറും. കാണാതായ ആളുകളെ കണ്ടെത്തുന്നതിനായി ഇന്‍റര്‍പോള്‍ പുറപ്പെടുവിക്കുന്നതാണ് യെല്ലോ നോട്ടീസ്

മാര്‍ച്ച് ഏഴിന്  ലിസ യുകെ പൗരനായ സുഹൃത്തിനൊപ്പം തിരുവനന്തപുരത്തെത്തിയെന്നാണ് വിവരം. മാര്‍ച്ച് 10ന് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചു. മതപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ചായിരുന്നു സന്ദേശം. ഇതേക്കുറിച്ച് കൂടുതലറിയാന്‍ ലിസയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്താനാണ് പൊലീസിന്‍റെ തീരുമാനം. 

ജര്‍മ്മന്‍ കോണ്‍സുലേറ്റിന്‍റെ സഹായത്തോടെ അത് സാധ്യമാവുമെന്നാണ് പ്രതീക്ഷ. ലിസയ്ക്കൊപ്പം എത്തി എന്ന് പറയപ്പെടുന്ന സുഹൃത്ത് മാര്‍ച്ച് 10ന് തിരികെ പോയി എന്ന് മാത്രമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അമൃത ആശ്രമം സന്ദര്‍ശിക്കാനാണ് കേരളത്തിലേക്ക് എത്തിയതെന്ന് ലിസ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, ലിസ അമൃത ആശ്രമത്തിലേക്ക് എത്തിയിട്ടില്ലെന്ന് ആശ്രമം അധികൃതര്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യം പൊലീസും സ്ഥിരീകരിക്കുന്നതായാണ് വിവരം

click me!