
തിരുവനന്തപുരം: കേരളത്തെ മനസ്സിലാക്കാതെ ആണ് രാഹുല്‍ ഗാന്ധിയുടേയും യോഗി ആദിത്യനാഥിന്‍റേയും വിമർശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കർഷക രക്തം കോൺഗ്രസിന്റെ കയ്യിൽ പറ്റിയിരിക്കുന്നു, ഇതിന് കർഷകരോട് രാഹുൽ നിരുപാധികം മാപ്പ് പറയണമെന്ന് രാഹുലിന് എതിരെ പിണറായി ആഞ്ഞടിച്ചു. കാർഷിക പ്രതിസന്ധിക്ക് കാരണം കോൺഗ്രസ് സർക്കാരാണ്. രാഹുൽ കേരളത്തിൽ നടത്തിയത് അസാധാരണ ഇടപെടലാണ്. കേരളത്തോട് രാഹുൽ കാണിക്കുന്ന താല്പര്യത്തിനു നന്ദിയുണ്ട്.
ദില്ലിയില്‍ നടക്കുന്ന കർഷക സമരത്തെ അവഗണിക്കുന്ന രാഹുൽ കേരളത്തിൽ വന്നാണ് കർഷകർക്ക് പിന്തുണ നൽകുന്നത്. രാഹുലിന്റ ഈവിശാല മനസ്കത പ്രശംസനീയമാണെന്നും പിണറായി വിജയന്‍ പരിഹസിച്ചു. രാഹുലിനും യോഗിക്കും സിപിഎമ്മിന് എതിരെ ഒരേ വികാരമാണ് ഉള്ളത് അതിൽ അവർ ഐക്യപ്പെടുന്നു. ഇവരുടെ സർട്ടിഫിക്കറ്റ് ലക്ഷ്യം ഇട്ടല്ല കേരളം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം മണ്ഡലത്തിൽ എന്താണ് സംഭവിച്ചതെന്നെങ്കിലും തിരക്കാൻ രാഹുല്‍ ഗാന്ധി തയ്യാറാകണം. വയനാടിന്റെ നട്ടെല്ലായിരുന്ന കാപ്പി, കുരുമുളക് കൃഷി എങ്ങനെയാണ് തകർന്നടിഞ്ഞത്.
ഇന്ത്യയിലെ പ്രതിസന്ധിയുടെ ആഴം ലോകത്തെ അറിയിച്ച പ്രസിദ്ധ പത്രപ്രവർത്തകൻ പി സായ്നാഥ് പറയുന്നത് പ്രകാരം, ഏതാണ്ട് 6000 കോടി രൂപയുടെ നഷ്ടമാണ് രണ്ടായിരാമാണ്ട് ആദ്യ രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ വയനാട്ടിലെ കാപ്പി, കുരുമുളക് തോട്ടങ്ങളിലുണ്ടായത്. ആയിരക്കണക്കിന് കർഷകരും കർഷകത്തൊഴിലാളിലും ആത്മഹത്യ ചെയ്തത്. കോൺഗ്രസ് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ഇതിന് കാരണം. ഈ പാതകത്തിന് രാഹുൽ ഗാന്ധി കോൺഗ്രസിന് വേണ്ടി കർഷകരോട് നിരുപാധികം മാപ്പ് പറയണം. നയങ്ങൾ തിരുത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് പുതിയ ബദലുകൾ വേണം. അതിനുള്ള ആർജവം അദ്ദേഹത്തിനുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam