തൊടുപുഴയിൽ യുവാവിനെ ആള് മാറി മർദ്ദിച്ചു, മൂന്ന് എക്സൈസുകാർക്കെതിരെ കേസ്

By Web TeamFirst Published Nov 8, 2021, 3:16 PM IST
Highlights

മര്‍ദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയും, അകാരണമായി തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു...

ഇടുക്കി: തൊടുപുഴയിൽ (Thodupuzha) ആളുമാറി യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയിൽ മൂന്ന് എക്സൈസുകാര്‍ക്കെതിരെ കേസ് (excise officers). തൊടുപുഴ എക്സൈസ് ഇൻസ്പെക്ടര്‍ ഉൾപ്പടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് (Police) കേസെടുത്തത്. കൃത്യനിര്‍വഹണം തടസ്സപെടുത്തിയെന്ന എക്സൈസ് പരാതിയിൽ നാട്ടുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മിനിഞ്ഞാന്ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മയക്കുമരുന്ന് കേസിലെ പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാസിത് എന്ന കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു എക്സൈസ് സംഘം. എന്നാൽ പിടികൂടിയത് മറ്റൊരു ബാസിതിനെ.  ഇരുപത്തിമൂന്നുകാരനായ ഈ യുവാവിനെ എക്സൈസ് മര്‍ദ്ദിക്കുകയും കൈവിലഞ്ഞ് അണി‌ഞ്ഞ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാനും ശ്രമിച്ചു.

നാട്ടുകാര്‍ ഓടിക്കൂടി പ്രതിഷേധച്ചതോടെ എക്സൈസ് സംഘം പിൻവാങ്ങി. മര്‍ദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയും, അകാരണമായി തന്നെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ആകെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി.

ഇതിൽ തൊടുപുഴ എക്സൈസ് ഇൻസ്പെക്ടര്‍, കണ്ടാലറിയാവുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അതേസമയം പ്രശ്നമുണ്ടാക്കിയത് നാട്ടുകാരെന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിശദീകരണം. എക്സൈസിന്റെ പരാതിൽ കണ്ടാലറിയാവുന്ന 20 നാട്ടുകാര്‍‍ക്കെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്

click me!