
കണ്ണൂർ: കായലോട്ട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആൺസുഹൃത്ത്. യുവതിയുടെ മരണശേഷം യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ പിണറായി പൊലീസ് സ്റ്റേഷനിൽ മയ്യിൽ സ്വദേശിയായ യുവാവ് ഹാജരായത്. സാമ്പത്തിക ഇടപാടൊന്നും നടന്നിട്ടില്ലെന്നും റസീനയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണെന്നും യുവാവ് വെളിപ്പെടുത്തുന്നു. തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം യുവാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുകയാണ്. കായലോട് റസീനയും യുവാവും സംസാരിച്ചു കൊണ്ടിരിക്കെ എന്താണ് സംഭവിച്ച് എന്നതിൽ പൊലീസ് വ്യക്തത തേടുകയാണ്.
യുവതിയുമായി മൂന്നരവർഷത്തെ പരിചയമുണ്ടെന്നും പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണെന്നുമാണ് യുവാവ് എഴുതി നൽകിയ മൊഴിലുള്ളത്. യാതൊരു വിധത്തിലുളള സാമ്പത്തിക ഇടപാടും നടന്നിട്ടില്ലെന്നും യുവാവിന്റെ മൊഴിയിലുണ്ട്. യുവാവിനെതിരെ ഹഗുരുതര ആരോപണമാണ് റസീനയുടെ കുടുംബ ഉന്നയിച്ചിരുന്നത്. പണവും സ്വർണവും തട്ടിയെടുത്തെന്നാണ് ഗുരുതര ആരോപണം. യുവാവ് റസീനയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും അതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തിലാണ് യുവതി ജീവനൊടുക്കിയതെന്നും ആയിരുന്നു കുടുംബം ആരോപണമുന്നയിച്ചത്.
എന്നാൽ ഇക്കാര്യം പാടെ നിഷേധിക്കുകയാണ് യുവാവ്. എന്നാൽ യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ തങ്ങൾ സംസാരിച്ചിരിക്കെ ഒരു സംഘം ആളുകളെത്തി ഭീഷണിപ്പെടുത്തിയെന്നും മൊബൈൽ തട്ടിപ്പറിച്ചെന്നും റസീന വ്യക്തമാക്കിയിട്ടുണ്ട്. തന്നെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം നടന്നെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. താൻ ജീവനൊടുക്കാനുള്ള കാരണമിതാണെന്നും യുവതി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം റസീനയെ ബന്ധുക്കൾക്കൊപ്പം വിടുകയും യുവാവിനെ എസ്ഡിപിഐ ഓഫീസിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.
യുവാവിന്റെ മൊബൈൽ ഫോൺ പ്രതികളുടെ കയ്യിൽ നിന്നാണ് പൊലീസിന് ലഭിക്കുന്നത്. ഇത് പിടിച്ചുവെച്ചത് എന്തിനാണെന്നും ഓഫീസിൽ എന്താണ് സംഭവിച്ചതെന്നും യുവാവിനെ മർദിച്ചോയെന്നും ഉൾപ്പെടയുളള കാര്യങ്ങളാണ് മൊഴിയെടുപ്പിലുള്ളത്. പ്രതികൾക്കെതിരെ മറ്റ് വകുപ്പുകൾ ചുമത്തുമോ എന്ന കാര്യവും വിശദമായ മൊഴിയെടുപ്പിന് ശേഷം മാത്രമേ വ്യക്തമാകൂ. നിലവിൽ പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം മാത്രമേ ചുമത്തിയിട്ടുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam