
തിരുവനന്തപുരം: കഴക്കൂട്ടത്തെ സ്വകാര്യ ക്ലിനിക്കിൽ കൊഴുപ്പു നീക്കൽ ശസ്ത്രക്രിയ വിധേയയാതിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലാവുകയും ഒൻപത് വിരലുകൾ മുറിച്ചുമാറ്റേണ്ടി വരികയും ചെയ്ത സംഭവത്തിൽ ചികിത്സാ പിഴവില്ലെന്നാണ് ഇന്ന് പുറത്തുവന്ന മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. എന്നാണ് മെഡിക്കൽ ബോർഡ് ഒത്തുകളിക്കുകയാണെന്ന് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ കുടുംബം ആരോപിച്ചു. 21 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞത് ഉൾപ്പെടെ യുവതി കടന്നുപോയത് വലിയ ദുരിതത്തിലൂടെയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
തിരുവനന്തപുരം കാലടി സ്വദേശിനിയും യുഎസ്ടി ഗ്ലോബലിലെ സോഫ്റ്റ്‍വെയർ എഞ്ചിനീയറുമായ എം.എസ് നീതു ഫെബ്രുവരി 22നാണ് കഴക്കൂട്ടം കുളത്തൂർ തമ്പുരാൻ മുക്കിലെ കോസ്മറ്റിക് ആശുപത്രിയിൽ അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയയായത്. ഇരട്ടക്കുട്ടികളുടെ അമ്മയായ നീതു മൂന്നു ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. ശസ്ത്രക്രിയക്ക് ശേഷം വീട്ടിലേക്ക് പോയ നീതുവിന്റെ ആരോഗ്യനില പിന്നീട് വഷളായി. ക്ഷീണമുണ്ടെന്നും തീരെ വയ്യെന്നും ഡോക്ടറെ അറിയിച്ചപ്പോൾ ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കാനാണ് പറഞ്ഞതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ക്ഷീണം കൂടിയപ്പോൾ വീണ്ടും ഡോക്ടറെ അറിയിച്ചെങ്കിലും കാര്യമായെടുത്തില്ല. 24ന് സ്ഥിതി വഷളായപ്പോൾ വീണ്ടും ക്ലിനിക്കിലെത്തിച്ചു. പിന്നീട് ഇവിടെ നിന്ന് രക്തസമ്മർദം കുറഞ്ഞെന്ന് പറഞ്ഞ് ഡോക്ടർ തന്നെ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാറിലാണ് ഈ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് ഹൃദയാഘാതം ഉണ്ടായെന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ആന്തരിക അവയവങ്ങൾക്കുണ്ടായ അണുബാധ കാരണം 21 ദിവസം നീതു വെന്റിലേറ്ററിൽ കഴിഞ്ഞു. ഡയാലിസിസിന് വിധേയയായി.
കൈകാലുകളിലെ വിരലുകളിലേയ്ക്കുള്ള രക്തയോട്ടം നിലച്ചതോടെ പിന്നീട് ഇടതുകാലിലെ അഞ്ചും ഇടതു കൈയിലെ നാലും വിരലുകൾ മുറിച്ചുമാറ്റി. അടിവയറ്റിലെ മുറിവ് ഉണങ്ങാതെ വന്നതോടെ തൊലി വെച്ചുപിടിപ്പിച്ചു. വലതുകൈയിലും കാലിലും പ്രശ്നങ്ങളുണ്ടായെങ്കിലും അവ ചികിത്സിച്ച് ഭേദമാക്കാനാവുമെന്നാണ് ഡോക്ടർമാരുമാടെ പ്രതീക്ഷ. നീതുവിന്റ ഭർത്താവ് പത്ജിത് നൽകിയ പരാതിയിൽ കോസ്മറ്റിക് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഷെനോജ് ശശാങ്കനെതിരെ തുമ്പ പൊലീസ് കേസെടുത്തിരുന്നു.
ശസ്ത്രക്രിയ നടത്തിയ കോസ്മെറ്റിക് ക്ലിനിക്കിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പിന്നീട് മെയ് അഞ്ചിനാണ് ആരോഗ്യവകുപ്പ് ലൈസന്‍സ് നൽകിയതെന്ന വിവരവും പുറത്തുവന്നു. പ്രവർത്തനാനുമനതിയില്ലാതെ ശസ്ത്രക്രിയ നൽകിയതിന് പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുമ്പോഴാണ് മെയ് അഞ്ചിന് 2018ലെ കേരള ക്ലിനിക്കൽ സ്ഥാപന രജിസ്ട്രേഷൻ നൽകിയത്.
എന്നാൽ ശസ്ത്രക്രിയയിൽ പിഴവില്ലെന്നാണ് ഇപ്പോൾ മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. ബിപി യിൽ മാറ്റമുണ്ടായപ്പോള്‍ യഥാസമയം ചികിത്സ നൽകിയില്ലെന്നും വിദഗ്ധ ചികിത്സയിൽ കാലതാമസം ഉണ്ടായെന്നും മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. മെഡിക്കൽ ബോര്‍ഡ് റിപ്പോർട്ട് എത്തിക്സ് കമ്മിറ്റി തള്ളി. വീണ്ടും റിപ്പോർട്ട് നൽകാൻ മെഡിക്കൽ ബോർഡിന് നിർദ്ദേശം നൽകി. ചികിത്സാ പിഴവല്ലെന്നും അപൂർമായ മെഡിക്കൽ സങ്കീർണതയാണുണ്ടായതെന്നും വിശദീകരിച്ച് ഐഎംഎയും പ്രസ്താവന പുറത്തിറക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം