വിദേശത്ത് നിന്നെത്തിയ യുവതിക്ക് സുഹൃത്തിന്‍റെ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയാന്‍ വിലക്ക്

By Web TeamFirst Published Jun 26, 2020, 12:26 AM IST
Highlights

പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് ഭർത്താവിനെ വിളിപ്പിച്ച പൊലീസ് മോശമായി പെരുമാറിയെന്നും എവിടെ പോവുമെന്നറിയാതെ മണിക്കൂറുകളോളം വാഹനത്തിൽ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നെന്നും യുവതി ആരോപിച്ചു

തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലെത്തി, സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനെത്തിയ യുവതിക്ക് സമീപവാസികളുടെ വിലക്ക്. പൊലീസ് സഹായിച്ചില്ലെന്നും മോശമായി പെരുമാറിയെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. സർക്കാ‍ർ നിരീക്ഷണകേന്ദ്രത്തിലാണ് യുവതി ഇപ്പോൾ കഴിയുന്നത്. ബഹ്റൈനിൽ നിന്ന് ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിക്കാണ് യുവതി നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്.

തുടര്‍ന്ന് നിരീക്ഷണത്തിൽ കഴിയാനായി പൂജപ്പുരയിലെ സുഹൃത്തിന്‍റെ വീട്ടിലേക്കാണ് ഇവർ വരുന്നതറിഞ്ഞ സമീപവാസികൾ യുവതിയെ അങ്ങോട്ട് പ്രവേശിപ്പിക്കില്ലെന്ന നിലപാട് എടുക്കുകയായിരുന്നു. പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് ഭർത്താവിനെ വിളിപ്പിച്ച പൊലീസ് മോശമായി പെരുമാറിയെന്നും എവിടെ പോവുമെന്നറിയാതെ മണിക്കൂറുകളോളം വാഹനത്തിൽ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നെന്നും യുവതി ആരോപിച്ചു.

നിരീക്ഷണത്തിൽ കഴിയുന്ന വീടിന്‍റെ വിലാസം ആരോഗ്യവകുപ്പിനെ മുൻകൂട്ടി അറിയിച്ചതാണെന്നും, തന്‍റെ അനുവാദത്തോടെയാണ് ഇവരെത്തിയതെന്ന് വീട്ടുടമസ്ഥ വിളിച്ച് പറഞ്ഞിട്ടും സംഭവത്തിൽ പൊലീസ് ഇടപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്.

നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് യുവതി നാലാഞ്ചിറയിലെ സർക്കാർ‍ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറി. വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകുമെന്ന് ഇവർ വ്യക്തമാക്കി. യുവതിയുടെ ആക്ഷേപത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ പൂജപ്പുര പൊലീസ് തയ്യാറായില്ല. 

click me!