യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം, 3 പേർ അറസ്റ്റിൽ

By Web TeamFirst Published Jun 29, 2022, 12:01 PM IST
Highlights

പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതായി പൊലീസ്, സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇടപാടുകളുമായി ബന്ധമുണ്ടോ എന്നതിൽ അന്വേഷണം തുടരും

കോഴിക്കോട്: വടകര കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂർ സ്വദേശി സവാദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കല്ലേരി സ്വദേശി ബിജുവിനാണ് മ‍ർദ്ദനമേറ്റത്.  സംഭവത്തിൽ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ പൊലീസ് ചുമത്തിയിട്ടുണ്ട്. വ്യക്തി വൈരാഗ്യം മൂലം മർദ്ദിക്കുകയും  തുടർന്ന് കാർ കത്തിക്കുകയായിരുന്നുവെന്നുമാണ് പൊലീസിൻറെ കണ്ടെത്തൽ. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് ഇടപാടുകളിൽ അടക്കം രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടരും.

ഇന്നലെ പുലർച്ച ഒന്നരയോടെയാണ് കല്ലേരി സ്വദേശി ബിജുവിന്റെ കാർ ഒരു സംഘം കത്തിച്ചത്. തന്നെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയി മർദ്ദിച്ച ശേഷം കാർ കത്തിക്കുകയായിരുന്നുവെന്നാണ് ബിജു പൊലീസിനോട് പറഞ്ഞത്. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത് എന്ന ആൾക്ക് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടെന്നും അയാളാണ്, കണ്ണൂർ ചൊക്ലി സ്വദേശി ഷമ്മാസിനെയും, പെരിങ്ങത്തൂർ സ്വദേശി സവാദിനെയും കൂട്ടിയെത്തി അക്രമം നടത്തിയത് എന്നുമായിരുന്നു മൊഴി. ഈ മൊഴിയെ അടിസ്ഥാനമാക്കിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

സ്വർണക്കടത്ത് കേസുകളിലെ പ്രധാനിയായ, അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്താണ് ബിജു എന്ന് പൊലീസിന് ലഭിച്ച വിവരം ലഭിച്ചിട്ടുണ്ട്. താൻ അറിയാതെ ബിജു, സ്വർണക്കടത്ത്  നടത്തുന്നുണ്ടെന്ന് മാസങ്ങൾക്ക് മുമ്പ് അർജുൻ ആയങ്കി തുറന്നുപറഞ്ഞ ഫേസ്ബുക്ക് പോസ്റ്റും പൊലീസിന് കിട്ടി. സ്വർണക്കടത്തും അതിന്‍റെ പിന്നിലെ ക്വട്ടേഷൻ ഇടപാടും തന്നെയാണ് കാർ കത്തിക്കലിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്. സജീവ സിപിഎം പ്രവർത്തകനാണ് ബിജു കല്ലേരി എന്ന പ്രചാരണം പാർട്ടി നേതൃത്വം തള്ളിയിരുന്നു.

click me!