
സുല്‍ത്താന്‍ ബത്തേരി: കടുവശല്യം രൂക്ഷമായ അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയുന്നു. കഴിഞ്ഞ ഒന്നാം തീയ്യതിയാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം. ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു.
എന്നാല്‍ സ്ഥലം ഉടമ മുഹമ്മദ് വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്നും കേസെടുത്ത് മുന്നോട്ട് പോയാല്‍ പ്രതിഷേധം കനക്കുമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വനംവകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരിലേക്ക് വനംവകുപ്പ് അന്വേഷണം നീങ്ങിയതെന്നാണ് നിഗമനം. അതേ സമയം ഹരിയുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്ത് പ്രതിഷേധം അലയടിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ഇന്ന് രാവിലെ ദേശീയപാത ഉപരോധിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam