പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം ഇരമ്പി, ഡിആർഎം ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും; പൊട്ടന്മാരാക്കരുതെന്ന് ബിജെപി

Published : Aug 24, 2026, 03:43 PM IST
Protest

Synopsis

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഡിആർഎം ഓഫീസ് ഉപരോധിച്ചു. സംഘർഷത്തിൽ കലാശിച്ച പ്രതിഷേധങ്ങൾക്കിടെ രാഷ്ട്രീയ നേതാക്കൾ തമ്മിൽ വെല്ലുവിളികളുമുണ്ടായി. വിഭജനം ഡിവിഷന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ എം ഓഫീസിലേക്ക് ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ഒലവക്കോട് ഡി ആർ എം ഓഫീസിന്റെ ഗേറ്റുകൾ ഉപരോധിച്ച ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസിന്റെ പ്രതിരോധം തകർത്ത് കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാരെ അകത്തേക്ക് കടത്തിവിടാതിരുന്നതിനെ തുടർന്ന് ചിലർ മതിൽ ചാടിയാണ് ഓഫീസിനുള്ളിൽ കടന്നത്. രണ്ടര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി ആർ എം ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടി അകത്തു കടക്കുകയായിരുന്നു. പ്രതിഷേധ സമരം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.

പ്രതിഷേധത്തിൽ വെല്ലുവിളി

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ വി കെ ശ്രീകണ്ഠൻ എം പിയും സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും തമ്മിലുള്ള വെല്ലുവിളിയും ശ്രദ്ധേയമായി. ബി ജെ പിക്കെതിരെ പ്രതിഷേധിക്കാൻ ധൈര്യമുണ്ടെങ്കിൽ ശ്രീകണ്ഠൻ അനിശ്ചിതകാല നിരാഹാര സമരം നടത്തണമെന്നാണ് സി പി എം ജില്ലാ സെക്രട്ടറി ഡി വൈ എഫ് ഐ സമരത്തിനിടെ വെല്ലുവിളിയുമായി രംഗത്തെത്തിയത്. ആണത്തമുണ്ടെങ്കിൽ ബി ജെ പിക്കെതിരെ പ്രതിഷേധം ഉയർത്തൂ എന്നായിരുന്നു ശ്രീകണ്ഠന്‍റെ തിരിച്ചടി. അല്ലാതെ എം പിയെ അധിക്ഷേപിക്കുകയല്ല വേണ്ടതെന്നും ബി ജെ പിയെ ഭയന്നാണ് ഇവരുടെ രാഷ്ട്രീയ പ്രവർത്തനമെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.

ജനങ്ങളെ പൊട്ടന്മാരാക്കുന്നുവെന്ന് ബിജെപി

അതേസമയം പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ഒരു വലിയ സംഭവമാക്കി കാണിച്ച് ജനങ്ങളെ പൊട്ടന്മാരാക്കാനാണ് ശ്രമം നടക്കുന്നുവെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. കേരളത്തിലെ റെയിൽവേ വികസനത്തിൽ ഒരു വീഴ്ചയും ഉണ്ടാകരുതെന്നാണ് ബി ജെ പി നിലപാടെന്നും വാഗ്ദാനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് സർക്കാർ ഇത് വിവാദമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ വിഭജനം നടപ്പാക്കുന്നതോടെ ഡിവിഷന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ഇത് പാലക്കാട് ഡിവിഷന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നുമാണ് പൊതുവെ ഉയരുന്ന ആശങ്ക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡോ. റാമിന്‍റെ അറസ്റ്റിലെ വീഴ്ച; ഡിവൈഎസ്പി സുധീർ കല്ലന് സസ്പെൻഷന്‍, നടപടി ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന്
വാഹനത്തില്‍ നിന്ന് ഇരുമ്പ് പൈപ്പ് വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റില്‍