
കൊല്ലം: കള്ളപ്രചാരണങ്ങളിലൂടെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം നീക്കങ്ങൾക്ക് മുന്നിലേക്ക് മന്ത്രി ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറല്ലെന്നും ഏത് അറ്റം വരെയും അവരെ പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വിഷ്ണു സുനിൽ. മന്ത്രി ബിന്ദു കൃഷ്ണ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.
വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ടെന്ന് വിഷ്ണു സുനിൽ ചൂണ്ടിക്കാട്ടി. എന്നാൽ അതുകൊണ്ട് അദ്ദേഹത്തോട് മിണ്ടാനോ കാണാനോ പാടില്ലെന്ന ഏകപക്ഷീയ നിലപാട് കൂടുതൽ അപകടകരമാണ്. ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ മാത്രമല്ല സന്ദർശിച്ചത്. എൻഎസ്എസ് ആസ്ഥാനം, കത്തോലിക്കാ സഭകളുടെ ആസ്ഥാനങ്ങൾ, ഇസ്ലാം മത നേതാക്കൾ തുടങ്ങിയവരെയെല്ലാം അവർ സന്ദർശിച്ചിട്ടുണ്ട്. ഇത് പ്രീണനമല്ല, മറിച്ച് എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോവുക എന്ന യുഡിഎഫ് നയമാണ്.
ആരെയും വെറുക്കപ്പെട്ടവരായി മാറ്റിനിർത്തുന്നതോ അസ്പർശ്യരാക്കുന്നതോ ഗാന്ധിയൻ ആശയമല്ലെന്നും വെറുപ്പ് പ്രചരിപ്പിക്കുന്നവരെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സിപിഎമ്മിന്റെ കോട്ടക്കൊത്തളങ്ങൾ പൊളിച്ചടുക്കിയാണ് ബിന്ദു കൃഷ്ണ കൊല്ലം സീറ്റ് പിടിച്ചെടുത്തതെന്ന് വിഷ്ണു സുനിൽ കുറിച്ചു. കോൺഗ്രസിന്റെയും പോഷക സംഘടനകളായ കെഎസ്‌യു, യൂത്ത് കോൺഗ്രസ്, ഐഎൻടിയുസി, മഹിളാ കോൺഗ്രസ് എന്നിവയുടെ പോരാട്ടങ്ങളുടെയും വാർന്ന രക്തത്തിന്റെയും പിൻബലം ഈ മന്ത്രിസ്ഥാനത്തിനുണ്ട്.
ഒരു ചെറിയ നാക്കുപിഴ പോലും വാളാക്കിക്കൊണ്ട് വനിതാ മന്ത്രിക്കെതിരെ സിപിഎം നടത്തുന്ന നെറികെട്ട സൈബർ പ്രചരണങ്ങൾ സമൂഹത്തിൽ അവരോടുള്ള വെറുപ്പ് വർദ്ധിപ്പിക്കാനേ ഇടയാക്കൂ. മന്ത്രിയായി ചുമതലയേറ്റ് ദിവസങ്ങൾക്കുള്ളിൽ ബിന്ദു കൃഷ്ണ ടാർജറ്റ് ചെയ്യപ്പെടുന്നതിന് പിന്നിലെ ഗൂഢബുദ്ധി തിരിച്ചറിയപ്പെടണമെന്നും ഈ നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് ഒറ്റക്കെട്ടായി മന്ത്രിക്ക് പിന്നിൽ കോട്ടയായി അണിനിരക്കുമെന്നും അഡ്വ. വിഷ്ണു സുനിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam