രാജൻ ജോസഫിനെ ഒന്നാംപ്രതിയും സിബി തോമസിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്തു പോയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസെടുത്തത്.

പത്തനംതിട്ട: ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസ്. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ വീഡിയോ ചെയ്തെന്ന പരാതിയിലാണ് കേസെടുത്തത്. ശ്രീനാദേവി കുഞ്ഞമ്മയാണ് രാജൻ ജോസഫിനെതിരെ വീണ്ടും അടൂർ പൊലീസിൽ പരാതി നൽകിയത്. രാജൻ ജോസഫിനെ ഒന്നാംപ്രതിയും സിബി തോമസിനെ രണ്ടാംപ്രതിയുമാക്കിയാണ് കേസ്. കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ അറസ്റ്റിലായി കോടതിയിൽ നിന്ന് ജാമ്യമെടുത്തു പോയതിന് പിന്നാലെയാണ് രാജൻ ജോസഫിനെതിരെ വീണ്ടും കേസെടുത്തത്.

തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ മലപ്പുറം സ്വദേശിയായ യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാജൻ ജോസഫിനെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ രാജൻ ജോസഫിനെ ഈമാസം 11ന് രാത്രിയാണ് പിടികൂടിയത്. മറ്റ് ചില പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്.

രാജൻ ജോസഫിനെതിരെ ചൂരൽമല ദുരന്തബാധിതനും

യൂട്യൂബർ രാജൻ ജോസഫിനെതിരെ പരാതിയുമായി ചൂരൽമല ദുരന്തബാധിതനായ നൗഫൽ. ടൗൺഷിപ്പിലെ വിള്ളൽ വിവാദത്തിൽ തനിക്കെതിരെ വ്യാജ ആരോപണം നടത്തുന്നുവെന്നാണ് പരാതി. യൂട്യൂബ് വീഡിയോ കൊണ്ട് ജീവിതം പ്രതിസന്ധിയിലാണെന്ന് നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട് എസ്പിക്ക് നൗഫൽ പരാതിയും നൽകിയിട്ടുണ്ട്. വയനാട് ടൗൺഷിപ്പിലെ വീടിന്റെ മുകൾഭാ​ഗത്ത് വിള്ളൽ വീണത് വാർത്തയും വിവാദവുമായിരുന്നു. നൗഫലിന്റെ വീട്ടിലാണ് വിള്ളൽ കണ്ടെത്തിയത്.

നൗഫലിനെതിരെ വ്യാജ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ എസ്പി ഓഫീസിൽ പരാതി നൽകിയിരിക്കുന്നത്. നിരന്തരം അധിക്ഷേപ വീഡിയോ ചെയ്ത് മാനഹാനി ഉണ്ടാക്കുന്നുവെന്നും യൂട്യൂബ് വീഡിയോ കൊണ്ട് ജീവിതം പ്രതിസന്ധിയിലായി എന്നും നൗഫൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. യൂട്യൂബർ കാരണം ജോലിയില്ലാത്ത അവസ്ഥ ഉണ്ടായി എന്നും തന്റെ മാനസികാവസ്ഥ പോലും തകർന്ന നിലയിലായി എന്നാണ് നൗഫലിന്റെ തുറന്നുപറച്ചിൽ.