Latest Videos

മരണശേഷം പി ടി തോമസിനെ അപമാനിക്കാൻ ശ്രമം; കുറിപ്പിട്ടവർക്കെതിരെ യൂത്ത് കോൺഗ്രസ്, പൊലീസിൽ പരാതി നൽകി

By Web TeamFirst Published Dec 22, 2021, 4:45 PM IST
Highlights

 യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ്  മേധാവിക്കാണ് പരാതി നൽകിയത്

പത്തനംതിട്ട: പി ടി തോമസ് എം എൽ എയുടെ മരണത്തിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. ഇന്ന് രാവിലെ അന്തരിച്ച പി ടി തോമസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചിലർ അപകീ‍ർത്തികരമായ കുറിപ്പുകൾ ഇട്ടിരുന്നു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ്  മേധാവിക്കാണ് പരാതി നൽകിയത്.

ഇന്ന് രാവിലെ പത്ത് മണിയോടെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചത്. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. 71 വയസ്സായിരുന്നു.

ആദ്യം സൗഹൃദം, പിന്നീട് പ്രണയം, ഒടുവില്‍ കോളിളക്കമുണ്ടാക്കിയ വിവാഹം, ജീവിതയാത്രയില്‍ ഇനി ഉമ തനിച്ച്

കോൺ​ഗ്രസ് നേതൃനിരയിൽ എല്ലാം കൊണ്ട് വേറിട്ട നേതാവായിരുന്നു പിടി തോമസ്. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺ​ഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയ‍ർന്നു വന്ന പിടി കോൺ​ഗ്രസിലെ ഒറ്റയാനായിരുന്നു. ആ​ദ്യവസാനം കോൺ​ഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പിടി. താഴെത്തട്ടിലെ പ്രവ‍ർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേ‍ർത്തു പിടിച്ചത്. 

പിടി തോമസിൻ്റെ കണ്ണുകൾ ദാനം ചെയ്യും, സംസ്കാരം നാളെ രവിപുരത്ത്

മഹാരാജാസ് കോളേജിലെ കെഎസ്.യുവിൻ്റെ നേതാവായി ഉയർന്നുവന്ന പിടി ക്യാംപസ് കാലം മുതൽ തന്നെ ഒരു ഫൈറ്ററായിരുന്നു. ഇടുക്കി എംപിയായിരുന്ന കാലത്ത് കസ്തൂരിരം​ഗൻ റിപ്പോർട്ടിൻ്റെ പേരിൽ സഭയുമായി പിടി തോമസ് നേരിട്ട് ഏറ്റുമുട്ടി. ക്രൈസ്തവസഭകളിൽ നിന്നും കടുത്ത പ്രതിഷേധം അദ്ദേഹത്തിന് നേരെയുണ്ടായതോടെ ഇടുക്കി സീറ്റിൽ നിന്നും പാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ മാറ്റി നിർത്തേണ്ടി വന്നു. തുടർന്ന് 2016-ൽ എറണാകുളത്തെ തൃക്കാക്കര സീറ്റിൽ മത്സരിച്ച പിടി 2021-ലും അവിടെ വിജയം ആവർത്തിച്ചു. 

നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സ‍ർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി പിടി എത്തിയപ്പോൾ പിണറായി വിജയനും പിടിയും തമ്മിലുള്ള കടുത്ത വാക്ക്പ്പോരുകൾക്ക് പലവട്ടം സഭ സാക്ഷിയായിട്ടുണ്ട്.

പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിൻ്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായുള്ള പിടിയുടെ വിയോഗം. 41 വർഷത്തിലേറെയായി കോണ്ഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന പിടിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് നേതാക്കളും പ്രവർത്തകരും. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.

click me!