Asianet News MalayalamAsianet News Malayalam

ആദ്യം സൗഹൃദം, പിന്നീട് പ്രണയം, ഒടുവില്‍ കോളിളക്കമുണ്ടാക്കിയ വിവാഹം, ജീവിതയാത്രയില്‍ ഇനി ഉമ തനിച്ച്

അക്കാലത്ത് മഹാരാജാസിലെ കെഎസ്‍യുവിന്‍റെ സജീവ പ്രവര്‍ത്തകയായിരുന്നു ഉമ. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടെ രൂപപ്പെട്ട സൗഹൃദം വൈകാതെ പ്രണയമായി മാറി. 
 

PT Thomas revolutionary marriage with uma
Author
Trivandrum, First Published Dec 22, 2021, 1:46 PM IST

തിരുവനന്തപുരം: ജാതിയും മതവും നോക്കാതെയുള്ള വിപ്ലവകരമായ പ്രണയവും വിവാഹ ജീവിതവുമായിരുന്നു പി ടി തോമസിന്‍റേത് (P T Thomas). മഹാരാജാസ് കോളേജില്‍ വെച്ചാണ് പി ടി തോമസ്  ഉമയെ പരിചയപ്പെടുന്നത്. ഉമ അന്ന് അവിടെ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. അതിനോടകം മഹാരാജാസ് വിട്ടിരുന്നെങ്കിലും കെഎസ്‍യു സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ പിടി ക്യാപംസില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. അക്കാലത്ത് മഹാരാജാസിലെ കെഎസ്‍യുവിന്‍റെ സജീവ പ്രവര്‍ത്തകയായിരുന്നു ഉമ. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടെ രൂപപ്പെട്ട സൗഹൃദം വൈകാതെ പ്രണയമായി മാറി. സമ്പന്ന ബ്രാഹ്മണ കുടുംബത്തിലെ അംഗമായിരുന്നു ഉമ.

അന്യമതസ്ഥനും ഇടുക്കിയിലെ കര്‍ഷകുടുംബത്തിലെ അംഗവുമായ പിടി തോമസുമായുള്ള ഉമയുടെ പ്രണയം വീട്ടുകാര്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാനാവുമായിരുന്നില്ല. ഉമയെ കല്ല്യാണം കഴിക്കുന്നതില്‍ പിടി തോമസിന്‍റെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. കല്ല്യാണം പള്ളിയില്‍ വെച്ച് നടത്തണമെന്നൊരു നിര്‍ബന്ധം മാത്രമായിരുന്നു പിടിയുടെ അമ്മയ്ക്കുണ്ടായിരുന്നത്. കുടുംബത്തെ അനുനയിപ്പിക്കാൻ ഉമയും പിടിയും എല്ലാ തരത്തിലും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒടുവിൽ രണ്ടും കൽപിച്ച് പിടി ആ തീരുമാനമെടുത്തു.

ഉമയെ വിളിച്ചറിക്കി കൊണ്ടു വരിക തന്നെ. ഉമയേയും പിടിയേയും ഒന്നിപ്പിക്കാനുള്ള ചുമതലയേറ്റെടുത്ത് സുഹൃത്തും കോൺഗ്രസ് നേതാവുമായ വയലാർ രവിയും രം​ഗത്തിറങ്ങി. ഉമയെ പിടി വീട്ടിൽ നിന്നും വിളിച്ചറിക്കി കൊണ്ടുവന്ന് നേര പോയത് വയലാർ രവിയുടേയും  മേഴ്സി രവിയുടേയും വീട്ടിലേക്ക്. മകൾ തനിക്കൊപ്പം ഉണ്ടെന്നും സുരക്ഷിതയാണെന്നും പിടി തോമസ് ഉമയുടെ പിതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. വയലാർ രവിയുടെ വീട്ടിൽ നിന്നും ഒരുങ്ങി പ്രതിശ്രുത വധൂവരൻമാർ കോതമം​ഗലത്തെ ക്നാനായ പള്ളിയിലേക്ക് എത്തി. പിടിയുടെ വീട്ടുകാരുടേയും മഹാരാജാസിലേയും പാർട്ടിയിലേയും സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഉമയെ പിടി ജീവിതസഖിയാക്കി.

വയലാർ രവിയെ കൂടാതെ ബെന്നി ബെഹന്നാൻ,വർഗ്ഗീസ് ജോർജ് പള്ളികര, കെടി ജോസഫ്, ജയപ്രസാദ് തുടങ്ങി യുവനേതാക്കളെല്ലാം പാർട്ടി പരിപാടി എന്ന പോലെ വിവാഹം വിജയകരമാക്കാൻ മുന്നിൽ നിന്നു. വിവാഹത്തിന് ശേഷവും മതം ഇരുവരുടേയും ജീവിതത്തിൽ ഒരു വിഷയമായില്ല. ദമ്പതികൾക്ക് പിന്നീട് രണ്ട് ആണ്മക്കൾ ജനിച്ചു. മൂത്തയാൾക്ക് വിഷ്ണുവെന്നും രണ്ടാമന് വിവേക് എന്നും പേരിട്ടു. 2020- ഒക്ടോബറിലായിരുന്നു വിഷ്ണവിൻ്റെ വിവാഹം. ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ച് വളരാനുള്ള സ്വാതന്ത്ര്യം മക്കൾക്കും പിടിയും ഉമയും നൽകി. തങ്ങളുടെ വിവാഹത്തിൽ എന്ന പോലെ വലിയ ആഡംബരങ്ങളില്ലാതെ ആണ് മക്കളുടെ വിവാഹവും പിടി നടത്തിയത്.

ഉമയുമായുള്ള പ്രണയത്തെക്കുറിച്ച് പിന്നീട് പിടി പറഞ്ഞതിങ്ങനെ - കോളേജിലെ കെഎസ്‍യു പ്രവ‍ർത്തനത്തിനിടെയാണ് ഉമയുമായി അടുക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആ സൗഹൃദം ഉമയുടെ വീട്ടുകാരിലേക്കും വ്യാപിച്ചു. ഉമയുടെ അമ്മയുമായി ഫോണിലൂടെ ഒരുപാട് സംസാരിച്ചിരുന്നു. മറ്റു ബന്ധുക്കളുമായി പരിചയമുണ്ടായിരുന്നു. എന്നാൽ അപ്പോൾ ഒന്നും പ്രണയത്തിലായിരുന്നില്ല. പിന്നീട് എപ്പോഴോ ഉമയോട്  സൗഹൃദത്തിനപ്പുറം മറ്റൊരിഷ്ടം തോന്നി. പക്ഷേ അവളോട് അതു തുറന്നു പറയാൻ പറ്റിയില്ല. ഉമയ്ക്ക് വീട്ടിൽ വിവാഹം ആലോചിക്കുന്നുവെന്ന് അറിഞ്ഞതോടെ രണ്ടും കൽപിച്ച് കാര്യം പറയാൻ തീരുമാനിച്ചു. ഞാൻ ആവശ്യപ്പെട്ട പ്രകാരം ഉമയെന്നെ കാണാൻ വന്നു. പക്ഷേ കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. അതു കാരണം ഒന്നും പറയാൻ എനിക്ക് പറ്റിയില്ല. പിന്നെ ഫോണിലൂടെയാണ് ഇഷ്ടം തുറന്നു പറഞ്ഞത്. ഉമയും അനുകൂലമായി പ്രതികരിച്ചതോടെയാണ് ഞങ്ങളുടെ പ്രണയകഥ തുടങ്ങുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios