
കോട്ടയം : യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥനെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന് പരാതിയുമായി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ. കോട്ടയം ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് ഷാഫി പറമ്പിലിന് പരാതി നൽകിയത്. തരൂർ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരി നടത്തിയ പ്രസ്താവന അച്ചടക്ക ലംഘനമെന്നാണ് ഇവർ ഉന്നയിക്കുന്ന പരാതി
അതേസമയം തരൂരിനെതിരെയുളള നീക്കങ്ങളിൽ യൂത്ത് കോൺഗ്രസിൽ ഭിന്നത തുടരുകയാണ്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് കാസർകോട് ജില്ല കമ്മറ്റി സംഘടിപ്പിച്ച ചിന്തൻ ശിവിരിൽ തരൂർ വിഷയത്തിൽ വിമർശനം ഉയർന്നു. യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് ശശി തരൂർ എം പിയെ വിലക്കിയതാരാണെന്ന് ജില്ലാ കമ്മിറ്റിയിൽ ചോദ്യമുയർന്നു. തരൂരിനെ വിലക്കാൻ പ്രവർത്തിച്ചവർക്കെതിരെ നടപടി വേണമെന്നും ചിലർ ആവശ്യപ്പെട്ടു. കേരളത്തിൽ അപ്രഖ്യാപിത ഹൈക്കമാൻഡ് പ്രവർത്തിക്കുന്നുവെന്നും ചിലർ വിമർശനമുയർത്തി. ശശി തരൂരിനെതിരെ മുതിർന്ന നേതാക്കളടക്കം കാണിക്കുന്ന അസഹിഷ്ണുത ശരിയല്ലെന്നും കേരളത്തിലെ കാര്യങ്ങൾ തിരിച്ചറിയുന്നില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും വിമർശനമുണ്ടായി.
എന്നാൽ ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിക്കുന്നത്. ശശി തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണെന്ന് പറഞ്ഞ സതീശന്‍, തരൂരിന്‍റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും പറഞ്ഞു. വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രഫഷണൽ കോൺഗ്രസ് വേദിയിൽ സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.തനിക്ക് ശശി തരൂരിനോട് അസൂയ ഉണ്ടെന്ന് പറഞ്ഞ വി ഡി സതീശൻ, അത് തനിക്ക് ഇല്ലാത്ത കഴിവുകൾ ഉള്ള ആളെന്ന രീതിയിലാണെന്നും വ്യക്തമാക്കി. ഓരോ കഥയിലും ഒരു വില്ലനുണ്ട്. ഈ കഥയിൽ താൻ വില്ലൻ ആയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam