
ആലപ്പുഴ : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന് ആലപ്പുഴയിലും പരാതി. അമ്പലപ്പുഴ സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഡിവൈഎസ്പിക്ക് രേഖാമൂലം പരാതി നൽകി. തിരിച്ചറിയൽ കാർഡുകൾ ആലപ്പുഴ നഗരത്തിലെ പ്രിന്റിംഗ് സ്ഥാപനത്തിലാണ് അടിച്ചതെന്നടക്കം പരാതിയിലുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമേ തുടർ നടപടിയെടുക്കൂവെന്ന് പൊലീസ് അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് വലിയ വിവാദത്തിലേക്കാണ് എത്തിനിൽക്കുന്നത്. വ്യാജ തെരഞ്ഞെടുപ്പ് കാർഡുകൾ വ്യാപകമായി നിര്‍മ്മിച്ച് വോട്ട് ചെയ്തതിന് പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊലീസ് നോട്ടീസ് അയക്കും. തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസിൽ നിന്ന് തന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങളേറെയും പൊലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നൽകിയവരുടെ മൊഴിയെടുത്താൽ നിര്‍ണ്ണായക വിവരങ്ങൾ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു.
വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി വോട്ട് ചെയ്തുവെന്ന പരാതി തെളിയിക്കാൻ പൊലീസിന് മുന്നിൽ കടമ്പകളും ഏറെയാണ്. വിത്ത് ഐവൈസി എന്ന ആപ്ലിക്കേഷനിലൂടെയാണ് വോട്ടിംഗ് നടന്നത്. വ്യാജ കാർഡുകള്‍ക്കെല്ലാം ഒരേ നമ്പറാണ്. ഈ കാർഡുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസി, അവരുടെ സെർവറിലെ വിവരങ്ങള്‍ പൊലീസിന് കൈമാറേണ്ടി വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam