
പത്തനംതിട്ട : യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ രേഖ കേസുമായി ബന്ധപ്പെട്ട് അടൂരിലും പ്രത്യേക അന്വേഷണസംഘത്തിന്റെ പരിശോധന. രണ്ട് പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്റെ നിയോജകമണ്ഡലമാണ് അടൂർ. ഇന്നലെ അർദ്ധരാത്രിയായിരുന്നു പരിശോധന. രണ്ടുദിവസത്തിനകം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകി.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് വോട്ട് ചെയ്തെന്നാണ് പരാതി.
വ്യാജ ഐഡി കാർഡുകൾ വ്യാപകമായി നിര്‍മ്മിച്ചതിൽ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്. സോഫ്റ്റുവയർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പൊലീസ് നോട്ടീസ് അയക്കും. തെരഞ്ഞെടുപ്പിന് ശേഷം അതൃപ്തി പുകയുന്ന യൂത്ത് കോണ്‍ഗ്രസിൽ നിന്ന് തന്നെയാണ് വ്യാജനെ കുറിച്ചുള്ള വിവരങ്ങളേറെയും പൊലീസിന് കിട്ടുന്നത്. അട്ടിമറി പരാതി നൽകിയവരുടെ മൊഴിയെടുത്താൽ നിര്‍ണ്ണായക വിവരങ്ങൾ കിട്ടുമെന്നും അന്വേഷണ സംഘം കരുതുന്നു.
കെപിസിസി വിശദീകരണം നൽകിയില്ല
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി വിശദീകരണം നൽകിയില്ല. മൂന്നു ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം. അനുവദിച്ച സമയം ഇന്നലെ കഴിഞ്ഞു. ഇതുവരെ കെപിസിസി നേതൃത്വം വിശദീകരണം നൽകാത്ത സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചു, ആലപ്പുഴയിലും യൂത്ത് കോൺഗ്രസുകാരൻ ഡിവൈഎസ്പിക്ക് പരാതി നൽകി
യൂത്ത് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് പൊലീസും നോട്ടീസ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ മുഴുവൻ വിവരങ്ങളും നൽകണമെന്നാണ് നിർദ്ദേശം. പൊലീസ് ഇന്നലെ റിട്ടേണിംഗ് ഓഫീസർ രതീഷിന് നോട്ടീസ് നൽകിയിരുന്നു 10 പരാതികളാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ഇതേവരെ ലഭിച്ചത്. നിരവധി ആപ്പുകൾ മുഖേന വ്യാജ ആഡി കാർഡുകൾ നിർമ്മിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam