8 ലക്ഷം നൽകിയെന്ന് അരിത ബാബു, കിട്ടിയില്ലെന്ന് മേഘ; യൂത്ത് കോൺഗ്രസിൽ എഫ്ബി പോര്! കണക്കുമായി ആകാശ്

Published : Jan 16, 2025, 05:16 PM IST
8 ലക്ഷം നൽകിയെന്ന് അരിത ബാബു, കിട്ടിയില്ലെന്ന് മേഘ; യൂത്ത് കോൺഗ്രസിൽ എഫ്ബി പോര്! കണക്കുമായി ആകാശ്

Synopsis

ആലപ്പുഴ കളക്ടറേറ്റ് മാർച്ചിൽ മർദ്ദനമേറ്റ മേഘ രഞ്ജിത്തിന് 8 ലക്ഷം രൂപ സഹായം നൽകിയെന്ന അരിത ബാബുവിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ യൂത്ത് കോൺഗ്രസിൽ പോര്

ആലപ്പുഴ: സമരത്തിനിടെ പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ വനിതാ നേതാവിനുള്ള സാമ്പത്തിക സഹായത്തിന്റെ പേരിൽ ആലപ്പുഴ യൂത്ത് കോൺഗ്രസിൽ ഫേസ്ബുക്ക്‌ പോര്. ആലപ്പുഴ കളക്ടറേറ്റ് മാർച്ചിൽ മർദ്ദനമേറ്റ മേഘ രഞ്ജിത്തിന് 8 ലക്ഷം രൂപ സഹായം നൽകിയെന്ന അരിത ബാബുവിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിലെ പരാമർശത്തിനെതിരെ മേഘ തന്നെ രംഗത്ത് എത്തിയതോടെയാണ് സംഭവം വിവാദമയത്. 

ആലപ്പുഴ കളക്ട്രേറ്റ് മാർച്ചിന്റെ വാർഷിക ദിനത്തിലാണ് സംഘടനയെ പുകഴ്ത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ ഇട്ടത്. യൂത്ത്കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ കയറി രാത്രി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ജനുവരി 15 ന് കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. അന്ന് പൊലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മേഘാ രഞ്ജിത്തിന് ചികിത്സാ സഹായത്തിന് പുറമെ പാർട്ടി ഏകദേശം 8 ലക്ഷം രൂപ സഹായമായി നൽകിയെന്നാണ് അരിത ബാബു ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

അരിതയുടെ പോസ്റ്റിലെ പരാമർശത്തിനെതിരെ മേഘ രംഗത്ത് എത്തി. ഈ തുക തനിക്ക് കൈമാറാതെ ആരാണ് കൈപ്പറ്റിയത് എന്നായിരുന്നു പോസ്റ്റിന് താഴെ മേഘയുടെ കമന്റ്. ആലപ്പുഴ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ മേഘയുടെ കമന്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഇതോടെ മേഘയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർ രംഗത്തെത്തി. ഈ വാദപ്രതിവാദത്തിനിടെയാണ് യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ആകാശ് താഴശ്ശേരിയും രംഗത്ത് വന്നത്. കണക്ക് നിരത്തിയാണ് മേഘയ്ക്ക് ഫേസ്‌ബുക്കിൽ ആകാശ് മറുപടി നൽകിയത്. 

പ്രധാനപ്പെട്ട സംഘടനകളും നേതാക്കളുടെ പേരും അവർ നൽകിയ തുകയും അടക്കം ആകെ ലഭിച്ചത് 7.16 ലക്ഷം രൂപയാണെന്നും ഇതിന് പുറമെ മേഘയ്ക്ക് നേരിട്ടും തുക ലഭിച്ചെന്നും ആകാശ് പറയുന്നു. ഈ കണക്ക് അടങ്ങുന്ന ബാങ്ക് രേഖ മേഘ പുറത്തുവിടണമെന്നാണ് ഒരു വിഭാഗം യൂത്ത് കോൺഗ്രസ്‌ നേതാക്കൾ ആവശ്യപ്പെടുന്നത്. ചികിത്സ സഹായത്തിനു പുറമെ ലഭിച്ച തുകയെ ചൊല്ലി മേഘ ഇട്ട കമ്മന്റ് അനുചിതമായിപ്പോയെന്നാണ് നേതാക്കളിൽ മറ്റൊരു വിഭാഗം പറയുന്നത്. 

സംഭവം വലിയ ചർച്ചയായതോടെ അരിത ബാബു പറഞ്ഞ ആകെ തുകയിൽ ഉള്ള വ്യക്തതക്കുറവാണ് കമന്റ് ഇടാൻ കാരണമെന്നും പാർട്ടി സഹായച്ചിട്ടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ച് മേഘ വീണ്ടും കമൻ്റിട്ടു. ‌ഫേസ്ബുക്കിലെ പോരൊഴിച്ചാൽ മേഘയോ അരിത ബാബുവോ ഇക്കാര്യത്തിൽ നേരിട്ട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. മേഘയ്ക്ക് കിട്ടിയ തുക അരിത ബാബു പറഞ്ഞതിൽ കൂടുതലാണോ കുറവാണോ എന്നും കമൻ്റിന് പിന്നിൽ തെറ്റിദ്ധാരണയാണോയെന്നും ചോദ്യമുണ്ട്. ഇക്കാര്യത്തിലെ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. അതേസമയം കാശ് അണ്ണൻ തരും എന്ന പരിഹാസവുമായി ഇടത് സൈബർ ഗ്രൂപ്പുകളും രംഗത്ത് വന്നിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം
പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'