
ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലം പിടിച്ചടക്കിയ രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പണപ്പിരിവ്. യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രസീത് അടിച്ച് പണപ്പിരിവ് നടത്തുന്നത്. 1000 രൂപ രസീതില്‍ അച്ചടിച്ചാണ് സംഭാവന തേടുന്നത്. 25ന് പിരിച്ച തുക പാര്‍ലമെന്‍റ് കമ്മിറ്റിയെ എല്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍, പണിപ്പിരിവ് ആരംഭിച്ചതിന് പിന്നാലെ വിവാദവും തലപൊക്കി. എംപി എന്ന നിലയില്‍ പ്രതിമാസം 1.90 ലക്ഷം രൂപ ശമ്പളവും അലവന്‍സും അടക്കം ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്. എന്നാല്‍, വിവാദങ്ങള്‍ക്കെല്ലാം ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റി മറുപടി നല്‍കുകയാണ്.
ആലത്തൂര്‍ എന്ന കോട്ട പിടിച്ചടക്കിയ ഞങ്ങളുടെ എംപിക്ക് ഒരു വാഹനം വാങ്ങി നല്‍കുന്നതില്‍ എന്താണ് പ്രശ്നമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് പാളയം പ്രദീപ് ചോദിക്കുന്നത്. ജനങ്ങള്‍ക്കും കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ഇവിടെ ഒരു എതിര്‍പ്പുമില്ല. ഒരു ഘടകവും എതിര്‍പ്പ് പറയത്തുമില്ല.
രമ്യ ഹരിദാസിന്‍റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരാണ് വ്യാജ ആരോപണങ്ങള്‍ക്ക് പിന്നില്‍. പാര്‍ലമെന്‍റ് കമ്മിറ്റി എടുത്ത തീരുമാനം സുതാര്യമായാണ് ചെയ്യുന്നത്. ഒരു സര്‍പ്രെെസ് പോലെ എംപിക്ക് കാര്‍ വാങ്ങി നല്‍കാന്‍ ആയിരുന്നു തീരുമാനിച്ചത്. 1400 ലീഫ് ആണ് അച്ചടിച്ചിരിക്കുന്നത്. 1000 രൂപ അക്കത്തിലും അക്ഷരത്തിലും എഴുതി സീല്‍ പതിച്ചാണ് നല്‍കിയിരിക്കുന്നത്.
ഓരോ മണ്ഡലത്തിലേക്കും വിതരണം ചെയ്തതിന്‍റെ കണക്ക് പാര്‍ലമെന്‍റ് കമ്മിറ്റിയുടെ പക്കലുണ്ട്. 25ന് കൃത്യമായി പിരിച്ച് പണം നല്‍കണമെന്നും അല്ലെങ്കില്‍ രസീത് തിരികെ നല്‍കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ ഇതിനകം രമ്യ ഹരിദാസിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റി ബുക്ക് ചെയ്ത് കഴിഞ്ഞതായും യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് പാളയം പ്രദീപ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു. ടോപ് മോഡലിന് ഏകദേശം 14 ലക്ഷം രൂപയാണ് ഈ കാറിന് കേരളത്തിലെ വില. ഓഗസ്റ്റ് ഒമ്പതിന് രമേശ് ചെന്നിത്തല രമ്യ ഹരിദാസിന് കാറിന്‍റെ താക്കോല്‍ കെെമാറും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam