‘Pure Veg’ ജാതിക്കോയ്മയെ വീണ്ടും സിംഹാസനത്തിലിരുത്താമെന്ന് വ്യാമോഹിക്കണ്ട, ലോക്ഭവനിലെ ഭക്ഷണത്തിലെ പുതിയ ഗവർണറുടെ നിർദേശത്തിനെതിരെ യൂത്ത് കോൺഗ്രസ്

Published : Oct 23, 2026, 01:34 PM IST
Binu Chulliyil

Synopsis

ലോക്ഭവനിൽ മത്സ്യവും മാംസവും ഒഴിവാക്കി 'പ്യുവർ വെജ്' ആക്കാനുള്ള പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തിനെതിരെ യൂത്ത് കോൺഗ്രസ്. ഇത് സംഘപരിവാറിന്‍റെ ബ്രാഹ്മണിക്കൽ അജണ്ടയാണെന്നും കേരളത്തിൽ വിലപ്പോവില്ലെന്നും ബിനു ചുള്ളിയിൽ വ്യക്തമാക്കി

തിരുവനന്തപുരം: ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ. 'Pure Veg' ജാതിക്കോയ്മയെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ബിനു ചുള്ളിയിൽ വിമർശനം അഴിച്ചുവിട്ടിരിക്കുന്നത്. കേരളം സംഘ പരിവാറിന്‍റെ പരീക്ഷണ ശാലയല്ലെന്ന് പറഞ്ഞ ബിനു ചുള്ളിയിൽ, ഇന്ത്യൻ ബോധത്തെ ബ്രാഹ്മണിക്കൽ ബോധത്തിന്റെ ചങ്ങലയ്ക്കുള്ളിലാക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ, ആ വ്യാമോഹം കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇത്തരം നീക്കങ്ങൾ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിനു ചുള്ളിയിലിന്‍റെ കുറിപ്പ്

ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞ "Pure Veg" ജാതിക്കോയ്മയെ വീണ്ടും സിംഹാസനത്തിലിരുത്താമെന്ന് ഓം പ്രകാശ് മാഥൂർ വ്യാമോഹിക്കേണ്ട. മത്സ്യവും മാംസവും കഴിക്കുന്നവരെ കുറഞ്ഞ പൗരന്മാരായി കാണുന്ന സംഘികളോട് - അത് കുട്ടിനിക്കറിട്ട് ദണ്ഡുമായി നടക്കുന്ന ലോക്കൽ സംഘിയോട് ആയാലും, കേരളത്തിലെ മതേതരത്വവും, കേരള ജനതയുടെ ജനാധിപത്യബോധവും തകർത്ത് നോർത്ത് ഇന്ത്യൻ സംഘിസം കേരളത്തിൽ നടപ്പാക്കാൻ ക്വട്ടേഷൻ എടുത്ത് വരുന്ന കേരള ഗവർണർ എന്ന കസേരയ്ക്ക് മാന്യത കൊടുക്കാത്ത അധികാര സിരാകേന്ദ്രത്തിൽ നിൽക്കുന്ന സംഘിയോട് ആണേലും ഒന്നേ പറയാനുള്ളൂ-

ഇന്ത്യൻ ബോധത്തെ ബ്രാഹ്മണിക്കൽ ബോധത്തിന്റെ ചങ്ങലയ്ക്കുള്ളിലാക്കാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ, ആ വ്യാമോഹം കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല! അത് യൂത്ത് കോൺഗ്രസ് അനുവദിക്കില്ല. മോദിയുടെ അരുമശിഷ്യൻ ഓം പ്രകാശ് മാഥൂർ കേരളത്തിന്റെ പുതിയ ഗവർണറായി എത്തുമ്പോൾ ഒരു കാര്യം ഓർത്തുവെക്കണം — കേരളം നിങ്ങളുടെ പരീക്ഷണശാലയല്ല, "Pure Veg" ജാതീയ മേധാവിത്വത്തിന്റെ രാഷ്ട്രീയത്തിന് ചുവപ്പുപരവതാനി വിരിക്കുന്ന മണ്ണുമല്ല! മറ്റൊരുവൻ്റെ പാത്രത്തിൽ എന്ത് എന്നത് കേരള ഗവർണർ നോക്കേണ്ട കാര്യവുമില്ല, അതല്ല ഗവർണറുടെ ജോലിയും. ഒരു ജനതയുടെ ഭക്ഷണം അവൻ്റെ സംസ്കാരത്തിൻ്റെ ഭാഗം കൂടിയാണ്, അതിനെ തകർക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഗവർണർ പദവിയുടെ അധികാരവും കേന്ദ്രത്തിലെ ഭരണത്തിന്റെ സ്വാധീനവും കാട്ടി കേരളത്തെ വരുതിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ, ആ ധാരണ തിരുത്തേണ്ടിവരും Mr. ഓം പ്രകാശ് മാഥൂർ.

ഇവിടെ ആരെന്ത് കഴിക്കണം, ആരെങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം സംഘപരിവാറിന്റെ കൈയിൽ ആരും ഏൽപ്പിച്ചിട്ടില്ല. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെങ്കിൽ ഓരോ പൗരനും അവനിഷ്ടമുള്ള ഭക്ഷണം കഴിക്കും. നിങ്ങൾക്ക് താല്പര്യമില്ലാത്തത് നിങ്ങള് കഴിക്കണ്ട ഹേ, അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് മാത്രം നിങ്ങൾക്ക് ഒപ്പം ജോലി ചെയ്യുന്നവരും കഴിക്കണം എന്ന വാശിയും ഇവിടെ നടക്കില്ല എന്ന് യൂത്ത് കോൺഗ്രസ് നിങ്ങളെ ഓർമ്മിക്കുകയാണ്. കാരണം, ഇത് നിങ്ങളുടെ മനുവാദത്തിന്റെ മണ്ണല്ല; മനുഷ്യന്റെ അന്തസ്സിനും ഭരണഘടനയുടെ മൂല്യങ്ങൾക്കും പോരാട്ടത്തിന്റെ ചരിത്രത്തിനും വിലയുള്ള കേരളമാണ്! നിങ്ങളുടെ അറിവിലേക്കായി കേരളത്തിൻ്റെ നവോത്ഥാനത്തിൻ്റെ ഒരു ഏട് പറഞ്ഞു തരാം, ദൈവവിശ്വാസം മാത്രമല്ല ശ്രീ നാരായണ ഗുരുവിൻ്റെ അരുവിക്കരയിലെ ഈഴവ ശിവ പ്രതിഷ്ഠ, അത് ഒരു ജനതയുടെ ആത്മാഭിമാനത്തിൻ്റെ ദൈവീക പ്രതിഷ്ഠയാണ്. അത് പക്ഷേ ബ്രിട്ടീഷുകാരുടെ ഷൂ നക്കി, രാജ്യത്തെ ഒറ്റു കൊടുത്തതിന് പെൻഷൻ വാങ്ങി ജീവിച്ച നിങ്ങളുടെ പൂർവികരുടെ പുതിയ തലമുറക്ക് മനസ്സിലാകില്ല".

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം
'ആരോഗ്യമന്ത്രിയാക്കിയത് പാർട്ടി,സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല', മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ