
തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി യുത്ത് കോൺഗ്രസ് നേതാവ് രംഗത്ത്. "തുടരെ തുടരെ ബലാത്സംഗം ചെയ്യുന്നത് മാനസിക വൈകൃതമാണ്" എന്ന് യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനിടെ, രാഹുൽ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലെ വാദങ്ങളും പുറത്തുവന്നു.
സ്ത്രീപക്ഷ നിലപാട് എടുത്തതിന്റെ പേരിൽ പാർട്ടിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും ശരിയുടെ പക്ഷത്ത് നിൽക്കുമെന്ന് സജന വ്യക്തമാക്കി.'ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ കുറ്റം, മൂന്നാണെങ്കിൽ അത് മാനസിക വൈകൃതമാണ്. ഉന്നത സ്ഥാനീയനായ ഈ 'സൈക്കോ'യെ തിരിച്ചറിയാൻ അതിജീവിതമാർക്ക് കഴിഞ്ഞില്ല,' കുറ്റാരോപിതനായ രാഹുലിന് കോൺഗ്രസ് നേതാക്കളുടെ സംരക്ഷണമില്ലെന്നും പോരാട്ടം തുടരാൻ അതിജീവിതമാർക്ക് സജന ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പൊലീസ് ഉന്നയിച്ച ബലാത്സംഗ ആരോപണങ്ങളെ രാഹുൽ പൂർണ്ണമായും തള്ളി. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരി അവിവാഹിതയാണെന്ന ധാരണയിലാണ് സൗഹൃദം തുടങ്ങിയത്. അവർ വിവാഹിതയാണെന്ന് അറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിച്ചതിന്റെ പകയാണ് പരാതിക്ക് പിന്നിലെന്നും രാഹുൽ വാദിക്കുന്നു. ഹോട്ടൽ മുറി ബുക്ക് ചെയ്തത് പ്രായപൂർത്തിയായ പരാതിക്കാരി തന്നെയാണ്. ഗുണദോഷങ്ങൾ അറിയാവുന്ന അവൾ അവിടെ എത്തിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹർജിയിൽ പറയുന്നു.
എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അതീവരഹസ്യമായി നടത്തിയ അന്വേഷണത്തിൽ യുവതി നൽകിയ മൊഴി പുറത്തുവന്നു. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ പറഞ്ഞു തുടങ്ങിയ സൗഹൃദം വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിലേക്ക് നീങ്ങി. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി മൂന്ന് മണിക്കൂറോളം ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് അടിവസ്ത്രങ്ങൾ വരെ വാങ്ങിപ്പിച്ചു. പീഡനത്തെത്തുടർന്ന് ഗർഭിണിയായപ്പോൾ അപമാനിച്ചു. ഡിഎൻഎ പരിശോധിക്കാൻ പറഞ്ഞപ്പോൾ രാഹുൽ സഹകരിച്ചില്ല. ഇതിനിടെ ഗർഭം അലസിപ്പോയെന്നും യുവതി മൊഴി നൽകി. രാഹുൽ നൽകിയ ജാമ്യഹർജി നാളെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്ന കാര്യത്തിൽ നിയമസഭയും ഉടൻ തീരുമാനമെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam