
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് തരംഗം ആഞ്ഞടിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ പരോക്ഷ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ. 'കളയേണ്ടത് കളഞ്ഞപ്പോൾ കിട്ടേണ്ടത് കിട്ടി' എന്നാണ് സജന കുറിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി വന്നതു മുതൽ പുറത്താക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച യുവ നേതാവാണ് സജന.
"കളയേണ്ടത് കളഞ്ഞപ്പോൾ
കിട്ടേണ്ടത് കിട്ടി
കേരളത്തിൽ യുഡിഎഫ് തരംഗം
തദ്ദേശം പിടിച്ചടക്കി"- എന്നാണ് സജന ഫേസ് ബുക്കിൽ കുറിച്ചത്.
പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അനുകൂലികളുടെ അസഭ്യ വർഷം കാണാം. 'നിന്നെയാണ് ആദ്യം പുറത്താക്കേണ്ടത്, ഇവളെപ്പോലെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെ എത്രയും പെട്ടെന്ന് പാർട്ടി പുറത്താക്കണം എങ്കിലേ ഈ പാർട്ടി രക്ഷപ്പെടൂ' എന്ന് തുടങ്ങി തീർത്തും മോശം പരാമർശങ്ങളും പോസ്റ്റിന് താഴെയുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് സജന ബി സാജന്‍ പരസ്യമായി നേരത്തെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സൈക്കോ പാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആര്‍ക്കാണ് ധൃതി? എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കിൽ ഇനി പഠിക്കാൻ പാര്‍ട്ടിയുണ്ടാകില്ലെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ടായിരുന്നു.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ എ ഐ സി സി ക്കും പ്രിയങ്ക ഗാന്ധിക്കും സജന ബി സാജൻ പരാതി നൽകിയിരുന്നു. വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ അന്വേഷിക്കണം എന്നാണ് സജന ആവശ്യപ്പെട്ടത്. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന ആവശ്യപ്പെട്ടിരുന്നു.
ആദ്യത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നേരത്തെ സസ്‌പെന്‍ഷനിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് അറിയിച്ചത്. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പറയുകയുണ്ടായി. എന്നാൽ രണ്ടാമത്തെ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ 15 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ എത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam