
പത്തനംതിട്ട : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരായ അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ ഒളിവിൽ. വ്യാജരേഖ കേസിൽ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായികളായ നാല് പേർ കസ്റ്റഡിയിലായതോടെയാണ് മറ്റുളളവർ ഒളിവിൽ പോയത്. തെരഞ്ഞെടുപ്പിന് പിന്നാലെ എ ഗ്രൂപ്പിനുള്ളിലുയർന്ന പോരാണ് പുതിയ സംഭവ വികാസങ്ങൾക്ക് പിന്നിലെന്നാണ് വിവരം. ഗ്രൂപ്പിനുള്ളിൽ തന്നെ ഉടലെടുത്ത പോരിൽ എ ഗ്രൂപ്പിനുള്ളിൽ അതൃപ്തി പുകയുകയാണ്. എ ഗ്രൂപ്പിനുള്ളിൽ നിന്നാണ് തെരഞ്ഞെടുപ്പ് വ്യാജ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനും ലഭിച്ചത്. സ്വന്തം ഗ്രൂപ്പ് അനുയായികൾ തന്നെയാണ് പൊലീസിന് വിവരങ്ങൾ ചോർത്തി നൽകിയതെന്നും . അന്വേഷണം സംസ്ഥാന പ്രസിഡന്റിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നുണ്ടെന്നുമാണ് എ ഗ്രൂപ്പിനുള്ളിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
പൂക്കുലയും പഴക്കുലയും നോട്ടുമാലയും; റോബിന് വരവേൽപ്പ്, ആ 'തകരാറും' പരിഹരിച്ച് കോയമ്പത്തൂരിലേക്ക്
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കേസിൽ നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപുകൾ പരിശോധിക്കും. ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പിന്നാലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അതൃപ്തരായ യൂത്ത് കോൺഗ്രസുകാര്‍ അന്വേഷണത്തെ സഹായിക്കാനുതകുന്ന വിവരങ്ങളുമായി എത്തിയതോടെ പൊലീസിന് പണി എളുപ്പമായി. നിലവിൽ പത്ത് പരാതികൾ പൊലീസിന് ലഭിച്ചുകഴിഞ്ഞു. നേരത്തെ പുറത്ത് വന്നിതിന് പുറമെ കൂടുതൽ ആപ്പുകള്‍ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കിയെന്ന കാര്യം എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. വ്യാജ രേഖയുണ്ടാക്കിയെന്ന സംശയിക്കുന്ന രണ്ട് ലാപ്ടോപ്പ് പന്തളത്തെ രണ്ട് പ്രാദേശിക നേതാക്കളുടെ വീടുകളിൽ നിന്നും പൊലിസ് പിടിച്ചെടുത്തു. സർവ്വറിലെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരിയായിരുന്ന പി.വി.രതീഷിനും, തെരെഞ്ഞെടുപ്പ് വിശദാംശങ്ങള്‍ നൽകാനായി യൂത്ത് കോൺഗ്രസ് കേന്ദ്ര തെരെഞ്ഞെടുപ്പ് അതോററ്റിക്കും നോട്ടീസ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam